തിരുവനന്തപുരം
സംസ്ഥാന വിനോദസഞ്ചാര മേഖലയുടെ ഭാവിയാകാവുന്ന സീപ്ലെയിൻ സർവീസ് രാഷ്ട്രീയം കളിച്ച് തകർക്കരുതെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ. എന്തുവന്നാലും പ്രശ്നമുണ്ടാക്കുകയാണ് ചിലരുടെ നിലപാട്. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമമുണ്ട്. എല്ലാവരുടെയും ആശങ്കകൾ പരിഹരിച്ച് പദ്ധതി എത്രയും വേഗം നടപ്പാക്കണം. കാലോചിതമായ മാറ്റം ഉൾക്കൊണ്ട് നാടിന്റെ വികസനായി ഒരുമിച്ച് മുന്നേറണം. കഴിവതുംവേഗം ലക്ഷ്യസ്ഥാനത്ത് എത്തുകയെന്ന ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ് കെ റെയിലും ആറുവരിപ്പാതയും സീപ്ലെയിനുംപോലുള്ള പദ്ധതികൾ.
തുടക്കത്തിലേ അനാവശ്യ വിവാദമുണ്ടാക്കിയാൽ നിക്ഷേപകർ പിന്തിരിയും. സംസ്ഥാനം നടപ്പാക്കുന്ന അനുഭവവേദ്യ, സുസ്ഥിര, ഉത്തരവാദിത്വ ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സീപ്ലെയിൻ ഊർജമേകും. തീരദേശ, മലയോര ഡെസ്റ്റിനേഷനുകളിലേക്ക് എളുപ്പത്തിൽ എത്താനാകും. ചെറുവിമാനങ്ങളായ സീപ്ലെയിൻ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കില്ല. സീപ്ലെയിനിന്റെ പ്രൊപ്പല്ലർ പൂർണമായും വെള്ളത്തിന് മുകളിലാണ്. സമുദ്രജീവികളെയോ മറ്റ് ജീവികളെയോ ശല്യപ്പെടുത്തുന്നില്ല. മത്സ്യത്തൊഴിലാളികളെയും ബാധിക്കുന്നില്ല. ഹൗസ് ബോട്ടും, വാട്ടർ മെട്രോയും ഹെലികോപ്ടറുകളുമൊക്കെ മത്സ്യമേഖലയ്ക്ക് വെല്ലുവിളിയാകുന്നില്ലല്ലോ. വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ വന്നിറങ്ങിയപ്പോൾ പ്രകൃതിക്ക് ഭീഷണിയായില്ലേ?
ലോകത്തെമ്പാടും സീപ്ലെയിനുകൾ വന്നുകഴിഞ്ഞു. പണ്ട് ദേശീയപാത 66 ആറുവരിയാക്കാൻ പദ്ധതിയിട്ടപ്പോൾ പശുവിനെ കെട്ടാൻ സ്ഥലമില്ലെന്ന് പറഞ്ഞ് എതിർത്തവരുണ്ട്. വിഴിഞ്ഞം തുറമുഖത്തിനെതിരെയും സമരംനടന്നു. ഇച്ഛാശക്തിയുള്ള സർക്കാരിന് ആശങ്കകൾ പരിഹരിച്ച് പദ്ധതി നടപ്പാക്കാനാകും. സംസ്ഥാന സർക്കാരിന് ചേംബർ ഓഫ് കൊമേഴ്‌സ് എല്ലാ പിന്തുണയും നൽകും–- അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..