05 December Thursday
കിഫ്‌ബി അനുവദിച്ച 569 കോടി രൂപ ആർബിഡിസികെ
 റവന്യു വകുപ്പിന് കൈമാറി

സീപോർട്ട്‌ എയർപോർട്ട്‌ റോഡ്‌ രണ്ടാംഘട്ടം: സ്ഥലമേറ്റെടുക്കൽ ഉടൻ ; വേഗം നൽകിയത്‌ മന്ത്രി പി രാജീവിന്റെ ഇടപെടൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


ആലുവ
സീപോർട്ട്-–-എയർപോർട്ട് റോഡിന്റെ എൻഎഡി -മഹിളാലയം ഭാഗത്തെ നിർമാണത്തിനായി സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ഉടനുണ്ടാകുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസ്സങ്ങൾ പരിഹരിച്ചാണ് തുടർനിർമാണത്തിന് വഴിയൊരുക്കുന്നത്. സംസ്ഥാന മന്ത്രിസഭ തീരുമാനപ്രകാരം കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർബിഡിസികെ റവന്യുവകുപ്പിന് ബുധനാഴ്ച കൈമാറി.

റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചുമാറ്റേണ്ട വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും നഷ്ടപരിഹാരം നൽകുന്നതിനുമാണ്‌ തുക. വിജ്ഞാപനവും സ്ഥലം ഉടമകളുടെ ഹിയറിങ്ങിനുമുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കാൻ മന്ത്രി പി രാജീവ് നിർദേശിച്ചു. രണ്ടാം പിണറായി സർക്കാർ ജില്ലയിൽ പൂർത്തിയാക്കേണ്ട ഫ്ലാഗ്ഷിപ് പദ്ധതികളിൽ സീപോർട്ട്–-എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടം ഉൾപ്പെടുത്തിയതോടെയാണ് നടപടികൾ വേഗത്തിലായത്.

റോഡ് നിർമാണത്തിനുള്ള 102 കോടി രൂപയുടെ ഭരണാനുമതി നേരത്തേ നൽകിയിരുന്നു. തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ സീപോർട്ട്–-എയർപോർട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനംമുതൽ കളമശേരിവരെ 11.3 കിലോമീറ്ററും രണ്ടാംഘട്ടം കളമശേരി എച്ച്എംടി റോഡുമുതൽ എയർപോർട്ടുവരെ 14.4 കിലോമീറ്ററുമാണ്. ഇതിൽ ആദ്യഘട്ടം 2019 ൽ പൂർത്തീകരിച്ചു.

ശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നിർമാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച്എംടിമുതൽ എൻഎഡിവരെ 2.7 കിലോമീറ്റർ, എൻഎഡിമുതൽ മഹിളാലയംവരെ 6.5 കിലോമീറ്റർ, മഹിളാലയംമുതൽ ചൊവ്വരവരെ 1.015 കിലോമീറ്റർ, ചൊവ്വരമുതൽ വിമാനത്താവള റോഡുവരെ 4.5 കിലോമീറ്റർ. ഇതിൽ എച്ച്എംടി–എൻഎഡി റീച്ചിൽ എച്ച്എംടിയുടെയും എൻഎഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റർ റോഡിന്റെ നിർമാണം 2021ൽ പൂർത്തിയായിരുന്നു.

വേഗം നൽകിയത്‌ മന്ത്രി പി രാജീവിന്റെ ഇടപെടൽ
സീപോർട്ട്‌–-എയർപോർട്ട്‌ റോഡിന്റെ രണ്ടാംഘട്ട വികസനത്തിന് രണ്ട് പതിറ്റാണ്ടിലേറെ തടസ്സമായി നിന്ന എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി ലഭ്യമാക്കുന്നതിലെ തടസ്സം മന്ത്രിസഭയുടെയും വ്യവസായമന്ത്രി പി രാജീവിന്റെയും നിരന്തര ഇടപെടലിലാണ് പരിഹരിച്ചത്. എച്ച്എംടിയുടെ ഭൂമി ലഭിക്കുന്നതിന്‌ കെട്ടിവയ്ക്കേണ്ട 18.77 കോടി രൂപ സർക്കാർ കഴിഞ്ഞയാഴ്ച അനുവദിക്കുകയും ഈ തുക ആർബിഡിസികെയ്‌ക്ക് കൈമാറുകയും ചെയ്തു. 

രണ്ടാംഘട്ട നിർമാണത്തിനായി എച്ച്എംടിയുടെ 1.6352 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. എൻഎഡിയുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കുമെന്ന് പി രാജീവ് പറഞ്ഞു. ഇതോടൊപ്പംതന്നെ മൂന്നാംഘട്ടത്തിനുള്ള നടപടികളും വേഗത്തിലാക്കും. എച്ച്എംടിയുടെ ഭൂമിക്ക്‌ കമ്പനി വിപണിവില ആവശ്യപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച നിയമപോരാട്ടത്തിനൊടുവിൽ നിശ്ചിത തുക വെട്ടിവച്ച് ഭൂമി വിട്ടുനൽകാൻ  സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എൻഎഡിയുടെ 2.4967 ഹെക്ടർ ഭൂമി അനുവദിച്ച് നേരത്തേ രാഷ്ട്രപതിയുടെ ഉത്തരവും ഇറങ്ങിയിരുന്നു. പ്രധാന തടസ്സങ്ങൾ പരിഹരിക്കപ്പെട്ട്‌ സ്ഥലം ഏറ്റെടുക്കുന്നതോടെ  ദീർഘകാലത്തെ ജനകീയാഭിലാഷം യാഥാർഥ്യമാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top