14 November Thursday

ടൂറിസം വികസനത്തിന് നാഴികക്കല്ല്: സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

കൊച്ചി > കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന്‌ പുതിയ ആകാശം തുറന്ന്‌ സീപ്ലെയിന്റെ പരീക്ഷണപ്പറക്കൽ ഇന്ന്. രാവിലെ 9.30ന്‌ കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന്  ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്ക് പറക്കും. മൂന്നാർ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കൽ ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്റെ നേതൃത്വത്തിൽ വരവേൽക്കും.

പരീക്ഷണപ്പറക്കൽ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ 11 മണി വരെ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടർ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. മറൈൻ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽ ബോൾഗാട്ടി മേഖല വരെയും വല്ലാർപാടം മുതൽ പോർട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്ത് വരെയുമുള്ള മേഖലകളിലാകും നിയന്ത്രണം. ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ച രണ്ടോടെ കൊച്ചിയിലെത്തിയ 'ഡിഹാവ്ലാൻഡ് കാനഡ' 3.30ഓടെയാണ് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ എത്തിയത്. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് സ്വീകരണം നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി.

സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top