കളമശേരി> അന്താരാഷ്‌ട്ര വിമാനത്താവളത്തെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന എയർപോർട്ട്– സീപോർട്ട് റോഡ് രണ്ടാംഘട്ട നിർമ്മാണത്തിന് എച്ച്എംടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്‌ക്കേണ്ട 18.77 കോടി (18,77,27000 രൂപ) സർക്കാർ അനുവദിച്ചു. രണ്ടാംഘട്ട നിർമ്മാണത്തിനായി എച്ച് എം ടിയുടെ 1.6352 ഹെക്ടർ (4.4 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിനായി തുക കെട്ടിവെച്ചു ഭൂമി വിട്ടുനൽകണമെന്നു സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എൻഎഡി (നേവൽ ആർമമന്റ് ഡിപ്പോ) യുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കുമെന്നു വ്യവസായ വകുപ്പു മന്ത്രി പി രാജീവ് പറഞ്ഞു.
രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ സീപോർട്ട്- എയർപോർട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കി.മി) രണ്ടാംഘട്ടം കളമശേരി എച്ച്എംടി റോഡ് മുതൽ എയർപോർട്ട് (14.4 കി.മി) വരെയുമാണ്. ഇതിൽ ആദ്യഘട്ടം 2019 ൽ പൂർത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നിർമ്മാണം നാല് സ്‌ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച്എംടി മുതൽ എൻഎഡി വരെയുള്ള ഭാഗം (2.7 കി.മി), എൻഎഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കി.മി), മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കി.മി), ചൊവ്വര മുതൽ എയർപോർട്ട് റോഡ് വരെ (4.5 കി.മി).
ഇതിൽ എച്ച്എംടി എൻഎഡി റീച്ചിന്റെ നിർമ്മാണത്തിനായുള്ള ഭൂമിക്കാണ് സർക്കാർ ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ഈ റീച്ചിൽ എച്ച്എംടിയുടെയും എൻഎഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റർ റോഡിന്റെ നിർമ്മാണം 2021 ൽ പൂർത്തിയായി. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനു് ഭൂമിയുടെ വിപണി വില എച്ച്എംടി ആവശ്യപ്പെട്ടു. ഭൂമി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരേ എച്ച് എം ടി സമർപ്പിച്ച അപ്പീലിന്മേൽ നിശ്ചിത തുക കെട്ടിവെച്ച് ഭൂമി വിട്ടുനൽകാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. നിർമ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന് (ആർബിഡിസികെ) തുക കെട്ടിവെച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാകും. എച്ച് എം ടിയുടെ ഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതിനെ തുടർന്നാണ് തുക കെട്ടിവച്ച് നിർമ്മാണം നടത്താൻ ആർബിഡിസികെയ്ക്ക് അനുമതി നൽകിയത്. മന്ത്രി പി രാജീവിന്റെ ഇടപെടലിനെ തുടർന്നാണ് റോഡ് നിർമ്മാണത്തിലുണ്ടായ തടസങ്ങൾ പരിഹരിക്കപ്പെട്ടത്.
എൻഎഡിയിൽ നിന്ന് 21434 സ്‌ക്വയർ മീറ്റർ (529.6 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ മാർച്ചിൽ ഭൂമി അനുവദിച്ച് ഉത്തരവായി. ഇതിന് 23, 11,41,299 രൂപയാണ് ഭൂമി വില നൽകേണ്ടത്. റോഡ് വീതികൂട്ടലിനും കോമ്പൗണ്ട് ഭിത്തി നിർമ്മിക്കുന്നതിനും കൂടി ചേർത്ത് ആകെ 32,26,93,114 രൂപയാണ് വേണ്ടത്. ഈ തുക അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..