തിരുവനന്തപുരം
വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഒരുവയസുമുതൽ നാലുവയസുവരെയുള്ള കുട്ടികൾക്കായി ബേബി സീറ്റ് ഒരുക്കണം. ഇത് പിറകിലായിരിക്കണം. കുട്ടികളെ മടിയിൽ ഇരുത്തി യാത്രചെയ്യാൻ അനുവദിക്കില്ല. ഒരുവയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി യാത്രചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുകയും (കുട്ടിയെ ചേർത്ത് സീറ്റ് ബെൽറ്റ് ഇടരുത്) കുട്ടിയുടെ മുഖം നെഞ്ചോട് ചേർത്ത് പിടിക്കുകയും വേണം. ഇവർ പിൻസീറ്റിൽ ഇരിക്കുന്നതാണ് നല്ലത്. നാല് മുതൽ 14 വയസ് വരെയുള്ള 135 സെന്റീമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾ വാഹനങ്ങളിൽ പ്രത്യേക കുഷ്യൻ സംവിധാനത്തിൽ(ചൈൽഡ് ബൂസ്റ്റർ കുഷ്യൻ) സുരക്ഷാ ബെൽറ്റ് ധരിച്ച് മാത്രമേ യാത്ര ചെയ്യാവൂ. ഇത് പിൻസീറ്റിൽ മാത്രമേ ഘടിപ്പിക്കാവൂ. സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തിൽ ഒരുമാസം ബോധവൽക്കരണം നടത്തും.
നവംബറിൽ വാഹന പരിശോധന നടത്തും. നിയമ ലംഘനമുണ്ടെങ്കിൽ താക്കീതോ മുന്നറിയിപ്പോ നൽകും. ഡിസംബർമുതൽ നിയമലംഘനത്തിന് പിഴയും ചുമത്തും. നാല് വയസിനുമുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. കുട്ടിക്ക് ഏതെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം ഓടിക്കുന്നയാൾക്കാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..