27 December Friday

കോളേജുകളുടെ സ്വയംഭരണാവകാശം ഗുണംചെയ്തില്ലെന്ന് പഠന റിപ്പോര്‍ട്ട്

ആര്‍ ഹേമലതUpdated: Friday Oct 7, 2016


കൊച്ചി > അക്കാദമിക് നിലവാരം ഉയര്‍ത്താനെന്നു കൊട്ടിഘോഷിച്ച് 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കോളേജുകളുടെ സ്വയംഭരണാവകാശം വേണ്ടത്ര പ്രയോജനമുണ്ടാക്കിയില്ലെന്ന് പഠന റിപ്പോര്‍ട്ട്. സ്വകാര്യ കോളേജുകളില്‍ ഒരോ വര്‍ഷവും തലവരിപ്പണം കൂടി വരുന്നുവെന്നും തോന്നിയപോലെ ഫീസ് വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സെന്റര്‍ ഫോര്‍ പബ്ളിക് പോളിസി റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് സ്വയംഭരണാവകാശം നല്‍കിയതുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടായില്ലെന്ന് കണ്ടെത്തിയത്.

വിദ്യാര്‍ഥി പ്രവേശനത്തിന്റെ കാര്യത്തില്‍ മുമ്പുണ്ടായിരുന്ന സുതാര്യത പല കോളേജുകളും പാലിക്കുന്നില്ല. എയ്ഡഡ് കോഴ്സുകളിലെ മെറിറ്റ് പ്രവേശനം ഏറെക്കുറെ സുതാര്യമാണെങ്കിലം മാനേജ്മെന്റ് സീറ്റിലെ പ്രവേശനത്തില്‍ ക്രമക്കേടുണ്ട്. ഉയര്‍ന്ന തുക വാങ്ങിയാണ് ഈ സീറ്റുകളിലെ പ്രവേശനം നടത്തുന്നത്. ഇത് വര്‍ഷംതോറും കൂടിവരികയാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്വയംഭരണ കോളേജുകളില്‍ ഫീസും  വ്യത്യസ്തമാണ്. എയ്ഡഡ് കോളേജില്‍ വിദ്യാര്‍ഥികള്‍ അടയ്ക്കേണ്ട തുക 90–95 ശതമാനം വരെ വര്‍ധിച്ചു. പിടിഎ ഫണ്ട്, കോഷന്‍ ഡെപ്പോസിറ്റ് എന്നീ പേരുകളിലാണ് ഇത്് ഈടാക്കുന്നത്. അണ്‍എയ്ഡഡ് കോഴ്സുകളുടെ ഫീസ് നാലിരട്ടിയോളം വര്‍ധിപ്പിച്ചു. ഉയര്‍ന്ന ഫീസ് ഈടാക്കുന്ന കോളേജുകളിലാണ് പഠനനിലവാരം കൂടുതലെന്ന ചില രക്ഷിതാക്കളുടെ ധാരണയും ഇവിടുത്തെ ഫീസ് വീണ്ടും കൂട്ടുന്നതിന് കാരണമാകുന്നുണ്ട്.

കോളേജുകളുടെ അടിസ്ഥാന സൌകര്യങ്ങളും പഠനത്തിന് വിധേയമാക്കി. മിക്ക കോളേജുകളിലും വളരെ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഉണ്ടെങ്കിലും സ്വയംഭരണത്തിന്റെ നേട്ടമാണെന്ന് ഇവയെന്ന് പറയാന്‍ കഴിയില്ല. സ്വയംഭരണം ലഭിക്കുവാന്‍ ഇടയാക്കിയ സാഹചര്യങ്ങളിലൊന്ന് മാത്രമാണ് ഈ അടിസ്ഥാന സൌകര്യങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വയംഭരണത്തിന്റെ ഫലമായി അധ്യാപകരുടെ പഠനേതര ജോലിഭാരം വര്‍ധിച്ചു. ഇത് അധ്യാപനത്തെ പരോക്ഷമായി ബാധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഗവേഷണ പാടവം വികസിപ്പിച്ചെടുക്കാനുള്ള കാര്യമായ ശ്രമം ഒരു കോളേജിലും കാണാന്‍ കഴിയുന്നില്ലെന്നും റിപ്പോട്ട് പറയുന്നു.

ഇപ്പോള്‍ കേവലം അക്കാദമിക് സ്വയംഭരണം മാത്രമാണ് നല്‍കിയിട്ടുള്ളത്. സര്‍വകലാശാല നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നാണ് ഈ കോളേജുകള്‍ പ്രവൃത്തിക്കുന്നത്. ഗവേണിങ് കൌണ്‍സിലുകളും അക്കാദമിക് കൌണ്‍സിലുകളും ബോര്‍ഡ് ഓഫ് സ്റ്റഡീസും നിലവിലുണ്ട്. ഗവേണിങ് കൌണ്‍സിലില്‍ സാധാരണ നിഷ്കര്‍ഷിക്കുന്ന ചെയര്‍മാനെ കൂടാതെ രണ്ടു സ്വകാര്യ കോളേജില്‍ ഒരു മുഴുവന്‍ സമയ ഡയറക്ടര്‍ കൂടി പ്രവൃത്തിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് പ്രയോജനമുള്ളതായി കാണുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

മഹാരാജാസ് കോളേജ്, തേവര എസ്എച്ച് കോളേജ്, സെന്റ് തെരേസാസ് കോളേജ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവിടെയാണ് നികിത മേരി, മാര്‍ട്ടിന്‍ പാട്രിക് എന്നിവര്‍ പഠനം നടത്തിയത്. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top