24 November Sunday

ഐടി മേഖലയിലെ ലേബർ നിയമങ്ങൾ ശക്തമാക്കണം: പ്രതിധ്വനി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

തിരുവനന്തപുരം> ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഐടി മേഖലയിലെ ജീവനക്കാരുടെ "മാനസികാരോഗ്യവും തൊഴിൽപ്രശ്നങ്ങളും" എന്ന വിഷയത്തിലായിരുന്നു സെമിനാർ.

പ്രതിധ്വനി സംസ്ഥാന കോ ഓർഡിനേറ്റർ രാജീവ് കൃഷ്ണൻറെ  അധ്യക്ഷതയിൽ നടന്ന സെമിനാറിൽ, ഡോ. കെ വാസുകി ഐഎഎസ് (ലേബർ സെക്രട്ടറി- കേരളം), ശ്രീ അനൂപ് അംബിക (കേരള സ്റ്റാർട്ട് അപ്പ് - സിഇഒ ) തുടങ്ങിയവർ പങ്കെടുത്തു. പൂണെയിൽ ജോലി ചെയ്തിരുന്ന എർണസ്റ്റ് ആൻ​ഡ് യങ് ജീവനക്കാരി അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണവും, അന്നയുടെ 'അമ്മ ഇ വൈ ചെയർമാന് എഴുതിയ കത്തും തുടർന്നുണ്ടായ ചർച്ചകളും സെമിനാറിന്റെ പശ്ചാത്തലം.

ഐടി മേഖലയിലെ തൊഴിൽ നിയമങ്ങൾ, തൊഴിലാളി വിരുദ്ധ സമീപനങ്ങൾ,നീണ്ട തൊഴിൽ സമയം, തൊഴിൽ സമ്മർദ്ദങ്ങൾ, സ്ത്രീസുരക്ഷാ നിയമസാധ്യതകൾ , തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.

ലേബർ നിയമങ്ങൾ ശക്തമാക്കുക,  പരാതി പരിഹാര സെൽ (ഗ്രീവൻസെൽ) രൂപീകരിക്കുക, തൊഴിൽ സാഹചര്യങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ അറിയിക്കാൻ പ്രത്യേക ഹോട്ട്ലൈൻ സംവിധാനം, എല്ലാ ജീവനക്കാർക്കും നിർബന്ധിത മാനസിക ആരോഗ്യ ട്രെയിനിങ് കമ്പനികൾ നൽകുക, കോർപ്പറേറ്റ് ഇൻഷുറൻസ് സ്കീമിൽ മാനസിക ആരോഗ്യ കവറേജ്, തൊഴിലിടം മികവുറ്റതാക്കാൻ പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക, മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017 ലെ നിർദ്ദേശങ്ങൾ കമ്പനികൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക, ജീവനക്കാരുടെ മാനസിക ആരോഗ്യം കമ്പനികൾ തുടർച്ചയായി നിരീക്ഷിക്കുക,. ജീവനക്കാരുടെ ഓവർ ടൈം ഓഡിറ്റ് ചെയ്യുക, അത് കണക്കാക്കി നിർബന്ധിത ലീവോ കോംപൻസേഷനോ അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രതിധ്വനി മുന്നോട്ടു വച്ചു.

അന്ന സെബാസ്റ്റ്യൻ പേരയിലിനു അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. എസ് സുജിത അനുശോചന സന്ദേശം അവതരിപ്പിച്ചു.

സെമിനാറിൽ വിവിധ കമ്പനികളിലെ ഐടി ജീവനക്കാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.  ഐടി മേഖലയിലെ മാനസികാരോഗ്യ പ്രശ്നങ്ങളും തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായ സർവ്വേ നടത്തുന്നതിനും  പഠിക്കുന്നതിനും  പ്രതിധ്വനി ഐടി ജീവനക്കാരുടെ കമ്മിറ്റി രൂപീകരിച്ചു. കൺവീനർ ആയി നിതീഷ് മാധവനെ ചുമതലപ്പെടുത്തി.

തുടർന്ന് ടെക്നോപാർക്ക് പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ ഐടി മേഖലയെ, മികച്ച തൊഴിൽ സാഹചര്യങ്ങളിലേക്ക് ഉയർത്തുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനും കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ മനസുഖ് മാണ്ഡവ്യക്കും സമർപ്പിച്ചു. നിർദ്ദേശങ്ങളുടെ കോപ്പി ലേബർ സെക്രട്ടറി ഡോ  കെ വാസുകിക്കും നൽകി.

പ്രതിധ്വനി ടെക്നോപാർക്ക് ട്രഷറർ രാഹുൽ ചന്ദ്രൻ  സ്വാഗതവും, വൈസ് പ്രസിഡന്റ്  പ്രശാന്തി പി എസ് നന്ദിയും അറിയിച്ചു .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top