22 November Friday

പൊലീസ് സ്റ്റേഷന് മുമ്പിലൂടെ ടിപ്പറിൽ മണൽ കടത്തുന്ന റീൽസ്: ഏഴ് പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

മണൽ കടത്തുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ റീൽസ് ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ

നിലമ്പൂർ > പൊലീസ് സ്റ്റേഷന് മുമ്പിലൂടെ ടിപ്പറിൽ മണൽ കടത്തുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ റീൽസായി പോസ്റ്റ് ചെയ്ത മണൽ കടത്ത് സംഘത്തിലെ ഏഴ് പേർ അറസ്റ്റിൽ. പ്രതികളിൽ രണ്ട് പേർ നേരത്തെ മണൽ കടത്ത് കേസിലുൾപ്പെട്ടവരണ്. വിജനമായ സ്ഥലത്ത് ഒളിപ്പിച്ച ലോറിയും പിടിച്ചെടുത്തു.

മമ്പാട് ഓടായിക്കൽ മറ്റത്ത് ഷാമിൽ ഷാൻ(21), കാട്ടുമുണ്ട വലിയതൊടിക മർവ്വാൻ(20), പുളിക്കൽ അമീൻ(19), വടപുറം ചേകരാറ്റിൽ അൽത്താഫ്(22), ചേകരാറ്റിൽ മുഹമ്മദ് സവാദ്(22), കണ്ണംതൊടിക അബ്ദുൾ മജീദ് (34), കരിമഠത്തിൽ സഹീർ (23) എന്നിവരെയാണ്  ഇൻസ്‌പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാമിൽ ഷാന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയിൽ പുള്ളിപ്പാടം കടവിൽ നിന്ന് അനധികൃതമായി മണൽ കടത്തികൊണ്ടു പോകുമ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്.

മണൽക്കടത്ത് ലോറിയിൽ ക്ലീനറായി പോകുന്ന അമീൻ ഓടായിക്കൽ പാലത്തിൽ വെച്ചും നിലമ്പൂർ പൊലീസ് സ്റ്റേഷന് മുമ്പിൽ വെച്ചും ചിത്രീകരിച്ച വീഡിയോ പിന്നീട് സിനിമാ ഡയലോഗുകൾ കൂടി ചേർത്ത് റീൽസായി ഷാമിൽ ഷാന്റെ വണ്ടി ഭ്രാന്തൻ കെഎൽ 71 എന്ന അക്കൗണ്ടുമായി ടാഗ് ചെയ്ത് അമീന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ  പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വിവാദമായതോടെ റീൽസ് ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന സമയം ഉടമസ്ഥനായ ഷാമിൽ ഷാനും ലോറിയിൽ ഉണ്ടായിരുന്നു. അൽത്താഫ്, സവാദ്, മജീദ്, സഹീർ എന്നിവർ വഴിയിൽ പൊലീസുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനായി ലോറിക്ക് മുന്നിൽ ബൈക്കിൽ പോയിരുന്നു. ഷാമിൽ, അൽത്താഫ് എന്നിവർ മുമ്പും മണൽകടത്ത് കേസിൽ ഉൾപ്പെട്ടയാളുകളാണ്. കോടതി പടിയിലെ വിജനമായ സ്ഥലത്താണ് മണൽ കടത്താനുപയോഗിച്ച ലോറി ഒളിപ്പിച്ചിരുന്നത്.   

എസ്ഐമാരായ തോമസ് കുട്ടി ജോസഫ്, ടി മുജീബ്, കെ രതീഷ്, എഎസ്ഐ ഇ എൻ സുധീർ, നൗഷാദ്, എസ്സിപിഒ ഷിഫിൻ കുപ്പനത്ത്, സിപിഓമാരായ അനീറ്റ് ജോസഫ്, ടി സജീഷ്, പ്രിൻസ്, വിവേക്, ഷൗക്കത്ത്, സുബൈറുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top