19 December Thursday
ആദിദേവിന്റെ കുറിപ്പ്‌ കേരളപാഠാവലിയിൽ

രണ്ടാം ക്ലാസുകാരന്റെ ഡയറി ഒന്നാംക്ലാസുകാർ പഠിക്കും

പ്രകാശൻ പയ്യന്നൂർUpdated: Monday Sep 30, 2024

ആദിദേവിന്റെ ഡയറിക്കുറിപ്പ് കേരള പാഠാവലിയിൽ

പയ്യന്നൂർ
‘ഓന്ത് മുട്ടയിടുമോ?’ കോറോം മുത്തത്തി എസ്‌വി യുപി സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ  സി ആദിദേവ് ഓന്തിനെക്കുറിച്ച്‌ എഴുതിയ കുറിപ്പ്‌ കേരളപാഠാവലിയിലെത്തി.
കുട്ടികളെഴുതിയ ഡയറി പരിശോധിച്ച അധ്യാപിക ടി വി സതിയുടെ കൈയിലാണ്‌ ആദിദേവിന്റെ കുറിപ്പ്‌ ആദ്യം കിട്ടുന്നത്‌. ‘എന്റെ വീട്ടിലെ ചെടിയുടെ താഴെ ഓന്തിനെ കണ്ടു. ഞാൻ അതിനെ കുറച്ചുസമയം നോക്കി. അപ്പോൾ ഓന്ത് കുഴിയുണ്ടാക്കുന്നു. ഞാൻ അമ്മയോട് പറഞ്ഞു. അമ്മ പറഞ്ഞു ‘‘ഒന്നും ചെയ്യരുത്’’. കുറേക്കഴിഞ്ഞ് നോക്കുമ്പോൾ കുഴിയിൽ കുറേ മുട്ട. പിന്നെ ഓന്ത് കുഴിയിലേക്ക് മണ്ണ് നിറച്ചു. അതിനുശേഷം അതിനെ കാണുന്നില്ല’–- ഇതായിരുന്നു ആ കുറിപ്പ്‌.

‘മരം മുറിക്കാൻ എണ്ണ വേണോ?’, ‘പ്രാവിന് നിറം കൊടുത്ത കുസൃതി’, ‘തേളിന്റെ ആക്രമണത്തിൽനിന്ന്‌ അച്ഛനെ രക്ഷിച്ച കോഴി’ തുടങ്ങിയ തലക്കെട്ടുകളിൽ വേറെയും കുറിപ്പുണ്ടായിരുന്നു. എഴുത്തിലെ ഭംഗിയും നിരീക്ഷണത്തിലെ കൗതുകവും തിരിച്ചറിഞ്ഞ അധ്യാപികയും സ്കൂൾ അധികൃതരുംചേർന്ന്‌ ആദിദേവിന്റെ കുറിപ്പും മറ്റ്‌ കുട്ടികളുടെ സൃഷ്ടിയും ചേർത്ത്‌ "കുഞ്ഞെഴുത്തുകൾ' എന്നപേരിൽ സംയുക്ത ഡയറി പുറത്തിറക്കി.

ആദിദേവിന്റെ കുറിപ്പ് പിന്നീട്‌ യുറീക്കയിലും അച്ചടിച്ചുവന്നു. ഈ വർഷം രണ്ടാം ക്ലാസിലെത്തിയ ആദിദേവ്‌ എഴുത്ത്‌ തുടർന്നതോടെ പ്രധാനാധ്യാപകൻ പയ്യന്നൂർ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്കും എൻസിആർടിയിലേക്കും കൊച്ചുമിടുക്കന്റെ കുറിപ്പുകൾ അയച്ചു. അങ്ങനെയാണ്‌ ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകമായ കേരള പാഠാവലിയുടെ രണ്ടാംപതിപ്പിൽ ആദിദേവിന്റെ കുറിപ്പുകൾ ഉൾപ്പെട്ടത്. കോറോം പരവന്തട്ടയിലെ കൂലിപ്പണിക്കാരനായ കെ പ്രകാശന്റെയും സി ബിന്ദുവിന്റെയും മകനാണ് ആദിദേവ്‌. കോറോം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥി ആഷിഷ് സഹോദരനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top