അടൂർ > പ്ലസ്‌ടു വിദ്യാർഥിനിയുടെ മരണത്തിൽ വിദ്യാർഥി അറസ്റ്റിൽ. വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിനേഴുകാരി അഞ്ചു മാസം ഗര്‍ഭിണിയാണെന്നുള്ള കണ്ടെത്തലിനെത്തുടർന്നാണ് ഹയർസെക്കൻഡറി വിദ്യാർഥി അറസ്റ്റിലായത്. നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ അഖിൽ (18)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഇയാൾക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗർഭം ധരിച്ചുവെന്നത് ശാസ്ത്രീയമായി തെളിയിക്കേണ്ടതിനാൽ അറസ്റ്റിലായ വിദ്യാർഥിയുടെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ സാമ്പിളുകൾ നേരത്തെ തന്നെ ശേഖരിച്ച് സൂക്ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം വിദ്യാർഥിയെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. യുവാവിന്റെ കുറ്റസമ്മത മൊഴിയുടെകൂടി അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പനിയ്‌ക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. തുടർന്ന് കുട്ടി മരിച്ചതിലെ ദുരൂഹത നീക്കാൻ നടത്തിയ മൃതദേഹപരിശോധനയിൽ അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പിന്നീട് ഇതിലേക്ക് പോക്‌സോ വകുപ്പ് കൂടി ചേര്‍ത്തു. കഴിഞ്ഞ ദിവസം വിദ്യാർഥിനിയുടെ ബാഗിൽ നിന്നും ഒരു കത്ത് ലഭിച്ചിരുന്നു. താൻ ഗർഭിണിയാണെന്നുള്ള വിവരം കുട്ടിക്ക് അറിയാമായിരുന്നു എന്ന് കത്തിൽ സൂചന നൽകുന്നുണ്ട്. ഇതോടെ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നുള്ള സംശയം ബലപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..