കോട്ടയം
അനാശാസ്യത്തിന് പെൺകുട്ടികളെ ദുബായിലേക്ക് അയച്ചുകൊടുക്കാൻ മുസ്ലിംലീഗ് പ്രവർത്തകൻ ആവശ്യപ്പെട്ടതായി ചങ്ങനാശേരി കുറിച്ചി സ്വദേശിനിയുടെ പരാതി. ദുബായിലുള്ള, മുസ്ലിംലീഗിന്റെ സൈബർ പോരാളി ബദറു കൈതപ്പൊയിലിനെതിരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ചിങ്ങവനം പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.
കോഴിക്കോട് കൈതപ്പൊയിൽ സ്വദേശിയായ ബദറു യുഡിഎഫ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പവും കെ എം ഷാജി അടക്കമുള്ള ലീഗ് നേതാക്കൾക്കൊപ്പവുമുള്ള ചിത്രം ഇയാളുടെ ഫെയ്‌സ്‌ബുക്കിലുണ്ടായിരുന്നു. പരാതി നൽകിയശേഷം പ്രൊഫൈൽ അപ്രത്യക്ഷമായി.
പരാതിക്കാരി സാമ്പത്തിക പ്രയാസങ്ങളിൽ സഹായം തേടിയാണ് മേയിൽ ബദറുവിനെ ഫെയ്‌സ്‌ബുക്കിൽ ബന്ധപ്പെട്ടത്. ജീവകാരുണ്യ പ്രവർത്തകനാണെന്ന് ധരിച്ചാണ് ഇയാളെ ബന്ധപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കോട്ടയം ജില്ലയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എറണാകുളത്തുനിന്ന് സ്ത്രീ വിളിച്ച് വേണ്ട സഹായം ചെയ്തുകൊള്ളുമെന്നും ഇയാൾ അറിയിച്ചു. എന്നാൽ ആരും വിളിച്ചില്ല.
ജൂലൈ 11ന് ബദറു പരാതിക്കാരിയെ വിളിച്ച് നിലവിലെ സാമ്പത്തികസ്ഥിതി അന്വേഷിക്കുകയും താൽപര്യമാണെങ്കിൽ ദുബായിലേക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്നും പറഞ്ഞു. ജോലിയുടെ ഭാഗമായി എറണാകുളത്ത് ഹോസ്‌റ്റലിലാണ് പരാതിക്കാരി താമസിച്ചിരുന്നത്. ഇവിടെ ഒപ്പം താമസിക്കുന്ന നിർധനരായ, 20 –- 23 വയസുള്ള പെൺകുട്ടികളെ ദുബായിലേക്ക് അയക്കണമെന്നും ബദറു ആവശ്യപ്പെട്ടു. വലിയ സാമ്പത്തികനേട്ടങ്ങളും വാഗ്‌ദാനം ചെയ്‌തു. ഇത് നിഷേധിച്ചെങ്കിലും ആവശ്യപ്പെടാതെതന്നെ ബദറു 1,000 രൂപ അയച്ചുതന്നതായും പരാതിയിൽ പഞ്ഞു.
യുവതികളെ കയറ്റി അയക്കാൻ ആവശ്യപ്പെട്ടത് അനാശാസ്യത്തിനാണെന്ന് ബോധ്യമായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. റെക്കോഡ് ചെയ്‌ത ഫോൺ സംഭാഷണങ്ങളും പൊലീസിന് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..