26 December Thursday

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: ജാഗ്രതയോടെ പൊലീസ്‌

സ്വന്തം ലേഖകൻUpdated: Sunday Oct 22, 2023

കൊച്ചി
ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ ജാഗ്രതയോടെ പൊലീസ്‌. ആലുവയിലും പെരുമ്പാവൂരിലുമാണ്‌ സമീപകാലങ്ങളിൽ അതിക്രമങ്ങളുണ്ടായത്‌. ജൂലൈ 28നാണ് ബിഹാറി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയത്‌. കുറ്റകൃത്യം നടന്ന്‌ 35–--ാംദിവസം കുറ്റപത്രം സമർപ്പിച്ചു. കോടതിനടപടി അതിവേഗം പുരോഗമിക്കുകയാണ്‌. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവുനശിപ്പിക്കൽ എന്നിവയ്‌ക്കുപുറമെ പോക്സോ കുറ്റങ്ങളും പ്രതിക്കുമേൽ ചുമത്തിയിട്ടുണ്ട്‌. വധശിക്ഷ ലഭിക്കാവുന്ന, ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്‌സോയിലെയും നാലുവകുപ്പുകൾ ഉൾപ്പെടെ 16 വകുപ്പുകളാണ് ചുമത്തിയത്‌.

‌സെപ്‌തംബർ എട്ടിന്‌ ആലുവ എടയപ്പുറത്ത്‌ വീട്ടിനുള്ളിൽ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുള്ള ബിഹാറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്‌റ്റിൽ രാജിനെയും സഹായിയായ അതിഥിത്തൊഴിലാളിയെയും ഉടനെ അറസ്‌റ്റ്‌ ചെയ്‌തു. ക്രിസ്‌റ്റിൽ രാജ്‌ പെരുമ്പാവൂരിലും സമാനരീതിയിൽ കുറ്റകൃത്യത്തിന്‌ ശ്രമിച്ചിരുന്നു. ഈ സംഭവത്തിലും ഇയാൾക്കെതിരെ പോക്‌സോപ്രകാരം കേസെടുത്തു.|

പെരുമ്പാവൂരിൽ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച  ഒഡിഷ സ്വദേശി പ്രശാന്ത്‌ അറസ്‌റ്റിലായത്‌ ഒമ്പതിനാണ്‌. പെരിയാർ മുടിക്കലിൽ പൈപ്പിൽനിന്ന്‌ വെള്ളമെടുക്കുകയായിരുന്ന പെൺകുട്ടിയെയാണ്‌ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്‌. കുട്ടി കരഞ്ഞ്‌ നാട്ടുകാർ കൂടിയതോടെ ഉദ്യമം ഉപേക്ഷിച്ച്‌ പ്രതി കടന്നു. പെരുമ്പാവൂരിൽ അഥിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഒഡിഷക്കാരനും  തിങ്കളാഴ്‌ച പിടിയിലായി. മോഷണശ്രമത്തിനിടെ രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒഡിഷ ഫുൽവാനി സ്വദേശി സിമാചൽ ബിഷോയ്‌യെയാണ് പിടികൂടിയത്. വെങ്ങോല പൂനൂരിലായിരുന്നു സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top