തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശാലയിൽ എത്തിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധം. മാർച്ചിൽ നൂറു കണക്കിന് വിദ്യാർഥികൾ അണിനിരന്നു. ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലറായി മോഹനൻ കുന്നുമ്മലിനെ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. സംഘപരിവാർ അനുകൂല ചെയറായ സനാതന ധർമ പീഠത്തിൻ്റെ കെട്ടിട ശിലാസ്ഥാപനത്തിനാണ് ഗവർണർ എത്തിയത്.
ഗവർണർക്കെതിരെ പ്രതിഷേധമുയർത്തി ക്യാമ്പസിൽ എസ്എഫ്ഐ കെട്ടിയ 'സംഘി ചാൻസിലർ ഗോ ബാക്ക് ' ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് പലവട്ടം അഴിച്ചു മാറ്റി. എന്നാൽ പ്രകടനമായി എത്തിയ പ്രവർത്തകർ വീണ്ടും ബാനറുകൾ ഉയർത്തി. പ്രതിഷേധ മാർച്ച് എസ്എഫ്ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി അക്ഷര അധ്യക്ഷയായി.
കോഴിക്കോട് ജില്ലാ സെക്രട്ടറി പി താജുദ്ധീൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സാദിഖ്, കെ ഹരിമോൻ, നസീഫ്, മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി പി അഭിജിത്ത്, എം സുജിൻ, വൈസ് പ്രസിഡന്റ് എം പി ശ്യംജിത്ത്, ദിൽഷാദ് കബീർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സിമി മറിയം, എം കെ അനീസ്, അജ്മൽ അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..