തിരൂർ > മലയാള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ. ഒൻപത് ജനറൽ സീറ്റിലും 11 അസോസിയേഷനിലും ഒരു യുജി റെപ്രസെന്റേറ്റീവ് സീറ്റിലും എസ്എഫ്ഐക്ക് എതിരില്ല. പിജി മണ്ഡലം സെനറ്റിലേക്കും എസ്എഫ്ഐ എതിരല്ലാതെ വിജയിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെ ഗായത്രി, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ശ്യാം ശങ്കർ എം, വൈസ് ചെയർപേഴ്‌സൺ കെ എസ് കൃഷ്ണവേണി, പി എ മുഹമ്മദ് ഇജാസ്,ജോയിന്റ് സെക്രട്ടറി കെ രഹന, മെഹർ എം, മാഗസിൻ എഡിറ്റർ എ ഷിനോജ്, ഫൈൻ ആർട്‌സ് സെക്രട്ടറി തമീം റഹ്മാൻ, സ്പോർട്‌സ് സെക്രട്ടറി എം പി പ്രജിത്ത് ലാൽ എന്നിവർ വിജയിച്ചു. പിജി മണ്ഡലത്തിൽ നിന്നുള്ള സെനറ്റിലേക്ക് എസ് രോഹിതും വിജയിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർവകലാശാലകളെയും കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയുള്ള വിദ്യാർഥി പ്രതിരോധമാണ് ഈ വിജയമെന്ന് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദാലി ശിഹാബും സെക്രട്ടറി എൻ ആദിലും പറഞ്ഞു. എസ്എഫ്ഐ ഉജ്വല വിജയം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു. വിദ്യാർഥികൾ ക്യാമ്പസിലും തിരൂർ ടൗണിലും ആഹ്ലാദപ്രകടനം നടത്തി. ജില്ലാ സെക്രട്ടറി എൻ ആദിൽ, ജില്ലാ വൈസ് പ്രസിഡണ്ട് എംപി ശ്യാംജിത്ത്, ജില്ലാ കമ്മിറ്റി അംഗം തേജനന്ദ എന്നിവർ യൂണിയൻ ഭാരവാഹികളെ അഭിവാദ്യം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..