തിരുവനന്തപുരം
സംസ്ഥാനത്ത് ഐടിഐ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. മത്സരം നടന്ന 98 ഐടിഐയിൽ 83ലും എസ്എഫ്ഐ. തിരുവനന്തപുരം (എട്ട്), പാലക്കാട് (ഒമ്പത്), കണ്ണൂർ (ഒമ്പത്), കോട്ടയം (നാല്), പത്തനംതിട്ട (രണ്ട്) എന്നിവിടങ്ങളിൽ എല്ലാം എസ്എഫ്ഐ നേടി. കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ പത്ത് ഐടിഐകളിൽ എട്ടിടത്തും എസ്എഫ്ഐക്കാണ് വിജയം. ഇടുക്കിയിൽ അഞ്ചിൽ നാല്, എറണാകുളത്ത് ഏഴിൽ നാല്, തൃശൂരിൽ എട്ടിൽ ഏഴ്, മലപ്പുറത്ത് ഏഴിൽ നാല്, കോഴിക്കോട് 11ൽ 10, വയനാട്ടിൽ മൂന്നിൽ രണ്ട്, കാസർകോട് ഒമ്പതിൽ ഏഴ് എന്നിങ്ങനെയാണ് നേട്ടം.
എറണാകുളത്ത് കളമശേരി ഗവ. വനിതാ ഐടിഐ, മൂവാറ്റുപുഴ ആരക്കുഴ ഗവ. ഐടിഐ, പെരുമ്പാവൂർ വേങ്ങൂർ ഗവ. ഐടിഐ, പിറവം മണീട് ഗവ. ഐടിഐ എന്നീ ക്യാമ്പസുകളിലാണ് വിദ്യർഥികൾ എസ്‌എഫ്‌ഐക്ക് മികച്ച വിജയം നൽകിയത്.
വേങ്ങൂർ ഗവ. ഐടിഐ യൂണിയൻ കെഎസ്‌യുവിന്റെ കുത്തക തകർത്ത് തിരിച്ചുപിടിക്കുകയായിരുന്നു. മണീട് ഗവ. ഐടിഐയിൽ എസ്‌എഫ്‌ഐക്ക് എതിരില്ലായിരുന്നു. കെഎസ്‌യു യൂണിയൻ നിലവിലുള്ള തുറവൂർ ഗവ. ഐടിഐയിൽ മാഗസിൻ എഡിറ്റർ, സ്പോർട്സ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എസ്‌എഫ്‌ഐ സാരഥികൾ വിജയിച്ചു.
മരട് ഗവ. ഐടിഐയിൽ ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ സീറ്റുകളിൽ എസ്‌എഫ്‌ഐ വൻ വിജയം നേടി. കളമശേരി ഗവ. ജനറൽ ഐടിഐ, തുറവൂർ ഗവ. ഐടിഐകളിൽ മാത്രമാണ് കെഎസ്‌യുവിന് ചെറിയ വിജയമെങ്കിലും ലഭിച്ചത്.മറ്റു ജില്ലകളിൽ മാടായി ഐടിഐ, കൊടുവള്ളി ഗവ. ഐടിഐ, ചെറിയമുണ്ടം, വാഴക്കാട് (രണ്ടും മലപ്പുറം) എന്നിവ തിരിച്ചുപിടിച്ചു. ചാല ഐടിഐ, പീച്ചി ഐടിഐ, തൃത്താല ഗവ. ഐടിഐ എന്നിവിടങ്ങളിലെ ആദ്യ കോളേജ് യൂണിയൻ എന്ന നേട്ടവും എസ്എഫ്ഐക്കാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..