കൊച്ചി > വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്തുകയും തന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തിയതിന് മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയിൽ നിന്ന് പത്ത് കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എം എ യൂസഫ് അലി വക്കീൽ നോട്ടീസ് അയച്ചു. സുപ്രീം കോടതി അഭിഭാഷകൻ നിഖിൽ റോത്തകി മുഖേനെയാണ് ലുലു ഗ്രൂപ്പ് ചെയർമാനും, മാനേജിങ് ഡയറക്‌ടറും ആയ എം എ യൂസഫ് അലി നോട്ടീസ് അയച്ചത്.
മാർച്ച് ആറിന് മറുനാടൻ മലയാളിയുടെ യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോക്ക് എതിരെയാണ് വക്കീൽ നോട്ടീസ്. ഏക സിവിൽ കോഡ് ആവശ്യമാണെന്നാണ് യുസഫ് അലിയും, ഷുക്കൂർ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയിൽ വ്യാജമായ കാര്യങ്ങളും, തന്റെ മത വിശ്വാസങ്ങൾ ഹനിക്കുന്ന കാര്യങ്ങളും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
മൂന്ന് പെൺകുട്ടികൾ ആയതിനാൽ യൂസഫ് അലി ഭാര്യയെ സ്‌പെഷ്യൽ മാരിയേജ് ആക്‌ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന് വിഡിയോയിൽ പറയുന്നുണ്ട്. എന്നാൽ യൂസഫ് അലി രണ്ടാമത് വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്തുവാൻ ഉദ്ദേശിച്ച് കൊടുത്ത വാർത്തയാണെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുവെന്നും, അത് യൂസഫ് അലിക്കും, ലുലു ഗ്രൂപ്പിനും, അതിലെ തൊഴിലാളികൾക്കും പൊതു സമൂഹത്തിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയയെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിന് ഉള്ളിൽ പ്രമുഖ പത്ര, ഓൺലൈൻ മാധ്യമങ്ങളിൽ നിർവ്യാജം ഖേദം പ്രസിദ്ധീകരിക്കണം എന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറുനാടൻ മലയാളിയുടെ ഫെയ്‌സ്‌ബുക്ക് പേജിലും, യു ട്യൂബ് ചാനലിലും നിർവ്യാജം ഖേദം പ്രസിദ്ധീകരിക്കണം. ഇതിന് പുറമെയാണ് പത്ത് കോടി രൂപ നഷ്‌ടപരിഹാരം നൽകേണ്ടത്. ഇതിൽ വീഴ്ച്ച ഉണ്ടായാൽ സിവിൽ ആയും, ക്രിമിനൽ ആയും ഉള്ള നടപടികൾ ആരംഭിക്കുമെന്നും വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്ന പരാമർശത്തിൽ ഷാജൻ സ്‌കറിയ മാപ്പ് പറഞ്ഞു.
യൂസഫ് അലി ഭാര്യയെ സ്‌പെഷ്യൽ മാരിയേജ് ആക്‌ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന് യൂ ട്യൂബ് വീഡിയോവിൽ പറഞ്ഞത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയ. ബോധപൂർവ്വം പറഞ്ഞതല്ല ഈ ആരോപണം എന്നും അതിനാൽ അക്കാര്യം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജൻ സ്‌കറിയ അറിയിച്ചു. യു ട്യൂബ് വീഡിയോയിലൂടെയാണ് ഷാജൻ സ്‌കറിയ നിർവ്യാജം ഖേദം പ്രകടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..