22 November Friday

വിടർന്നനെറ്റിയിലെ സിന്ദൂരപ്പൊട്ട്‌ ; മലയാളികളുടെ മനസ്സിൽ അമ്മയോർമയായി നിറഞ്ഞുനിന്ന മറ്റൊരു അഭിനേത്രിയുമില്ല : ഷാജി കൈലാസ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കഴിഞ്ഞ ഡിസംബറിൽ ഭാര്യ ചിത്രയ്-ക്കൊപ്പം 
കവിയൂർ പൊന്നമ്മയെ സന്ദർശിച്ചശേഷം 
ഷാജി കൈലാസ്‌ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ചിത്രം


ഉണ്ണിയേ... എന്ന്‌ സിനിമയിൽ മകനെ നീട്ടിവിളിക്കുമ്പോൾ അറിയാതെ നമ്മളെല്ലാം വിളികേട്ടുപോകുന്ന അമ്മമധുരമാണ്‌ കവിയൂർ പൊന്നമ്മ. വർണക്കൂട്ടുകളുടെ അകമ്പടിയുള്ള വേഷങ്ങളില്ല, സർവാഭരണ വിഭൂഷിതയല്ല, നിറംമങ്ങിയ കസവുമുണ്ടും സെറ്റുസാരികളും, അപൂർവമായി വോയിൽ സാരികൾ. എന്നിട്ടും ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ അമ്മയോർമയായി നിറഞ്ഞുനിന്ന മറ്റൊരു അഭിനേത്രിയുമില്ല, കവിയൂർ പൊന്നമ്മയല്ലാതെ. അത്രമാത്രം അമ്മവേഷങ്ങൾ ചെയ്‌ത മറ്റൊരു നടിയുമുണ്ടാവില്ല.

അതായിരുന്നു മലയാളത്തിന്റെ പൊന്നമ്മ. വില്ലത്തിയായ കവിയൂർ പൊന്നമ്മയെ അധികമാരും അഭ്രപാളിയിൽ കണ്ടിട്ടില്ല. ഹാസ്യവേഷങ്ങളും വളരെക്കുറച്ചുമാത്രം. പി. പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച് 1985-ൽ റിലീസായ തിങ്കളാഴ്ച്ച നല്ല ദിവസം സിനിമയിലെ ജാനകിക്കുട്ടിയെന്ന അമ്മ വേഷമാണ് അതിനൊരപവാദം. അതിൽ കേന്ദ്ര കഥാപാത്രമായ പൊന്നമ്മ നെഗറ്റീവ് റോളിലായിരുന്നു. മമ്മൂട്ടി, കരമന ജനാർദനൻ നായർ, ശ്രീവിദ്യ തുടങ്ങിയവരും അഭിനയിച്ച അത്‌ ആ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. സ്ഥിരം അമ്മവേഷങ്ങൾ മാത്രം കെട്ടിയാടിയിട്ടും ചെയ്യുന്നതിൽ പുതുമകളൊന്നും അവകാശപ്പെടാനില്ലായിരുന്നിട്ടും വാർ‌ധക്യസഹജമായ അവശതകളാൽ വിശ്രമത്തിലേക്കിറങ്ങുംവരെ അമ്മ വേഷങ്ങളിൽ പകരക്കാരില്ലാതെ തുടരുകയായിരുന്നു അവർ. എന്റെ പൊന്നമ്മയല്ല, പൊന്നു അമ്മയായിരുന്നു അവർ.

മൂന്ന്‌ മാസം മുൻപ്‌ ഞാനും ഭാര്യ ചിത്രയും മുണ്ടും നേര്യതും ഉപ്പേരിയും മറ്റുമായി പൊന്നുഅമ്മയെ കാണാനെത്തിയപ്പോൾ അവശതകളുണ്ടായിരുന്നു. എങ്കിലും ആ വിടർന്ന മുഖത്തെ ചുവന്ന വട്ടപൊട്ടിനും നിറഞ്ഞ ചിരിക്കും ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഏറെനേരം ഒപ്പം ചെലവഴിച്ചാണ്‌ മടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top