22 December Sunday

ബിജെപിയിലേക്ക്‌ കോൺഗ്രസ്‌ എംപി ; ചർച്ചയിൽ നിറഞ്ഞ്‌ തരൂർ

പ്രത്യേക ലേഖകൻUpdated: Tuesday Sep 10, 2024


തിരുവനന്തപുരം
ഒരു കോൺഗ്രസ്‌ എംപി ബിജെപി യിൽ ചേരുന്നുവെന്ന്‌ ഡെൽഹിയിലെ ഇംഗ്ലീഷ്‌ പത്രം റിപ്പോർട്ട്‌ ചെയ്തതിന്‌ പിന്നാലെ ശശി തരൂരിനെ കേന്ദ്രീകരിച്ച്‌ ചർച്ചയും യോഗങ്ങളും. ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച കോൺഗ്രസ്‌ നേതാവ്‌ ബിജെപി ദേശീയ അധ്യക്ഷനുമായി രഹസ്യ ചർച്ച നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്‌.

രാഹുൽ ഗാന്ധിയുമായുള്ള അകൽച്ച, കോൺഗ്രസിൽ നിന്ന്‌ ഇനി കാര്യമായ ഉയർച്ചക്ക്‌ സാധ്യതയില്ലെന്ന തിരിച്ചറിവ്‌, തിരുവനന്തപുരത്ത്‌ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം തുടങ്ങി ചർച്ച തരൂരിനെ കേന്ദ്രീകരിക്കുന്നതിനുള്ള കാരണങ്ങൾ അനവധിയാണ്‌. കേന്ദ്ര കാബിനറ്റ്‌ പദവി, കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മുഖ്യസ്ഥാനം എന്നീ വാഗ്ദാനങ്ങളാണ്‌ ബിജെപി മുന്നോട്ടുവച്ചിട്ടുള്ളത്‌. ദേശീയ നേതൃത്വത്തിന്റെ പൂർണസമ്മതമുള്ളപ്പോഴും സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കൾ മുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ വരവിനെ എതിർക്കുകയാണ്‌.

തരൂരോ, അദ്ദേഹത്തിന്റെ ഓഫീസോ ഈ വാർത്തകളോട്‌ പ്രതികരിച്ചിട്ടില്ല. അതേസമയം, തിരുവനന്തപുരത്ത്‌ ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കളും സമൂഹമാധ്യമ കോർഡിനേറ്റർമാരും യോഗം ചേർന്ന്‌ ഇക്കാര്യം ചർച്ച ചെയ്തതായും വാർത്തയുണ്ട്‌. യോഗം സംബന്ധിച്ച്‌ തരൂരിന്റെ ഡെൽഹിയിലെ ഓഫീസിൽ നിന്ന്‌ വിവരം തേടാൻ ശ്രമിച്ചെന്നും പറയുന്നു.

മുൻപ്‌ ഇത്തരം ചർച്ച വന്നപ്പോൾ തരൂർ നിഷേധിക്കുകയാണ്‌ ചെയ്തത്‌. തന്റെ കാലങ്ങളായുള്ള ‘ സെക്യുലർ ’ നിലപാടും പുസ്തകങ്ങളും ചൂണ്ടിക്കാണിച്ചാണ്‌ പ്രതിരോധിക്കാൻ ശ്രമിച്ചത്‌. എന്നാൽ, കോൺഗ്രസ്‌ ദേശീയ നേതൃത്വവുമായുള്ള അകൽച്ചയും കേരളത്തിലെ നേതൃത്വവുമായി യോജിച്ചുപോകാനാവാത്ത അവസ്ഥയുമാണ്‌ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും കോൺഗ്രസ്‌ നേതാക്കൾ സൂചിപ്പിക്കുന്നുണ്ട്‌.

വാർത്തയെ ഒഴുക്കൻ മട്ടിൽ തള്ളിക്കളയാനാണ്‌ കെ സുധാകരനും വി ഡി സതീശനും രമേശ്‌ ചെന്നിത്തലയുമടക്കമുള്ള നേതാക്കൾ ശ്രമിച്ചതെങ്കിലും അവർക്കിടയിലും കടുത്ത ആശങ്കയുണ്ടെന്ന്‌ തന്നെയാണ്‌ വ്യക്തമാകുന്നത്‌. തരൂർ പോയാൽ ഒരു വിഭാഗം മാധ്യമങ്ങളുടെ കൂട്ടുപിടിച്ച്‌ കോൺഗ്രസ്‌ നടത്തുന്ന പുകമറയും അക്രമസമരവും കോലാഹലങ്ങളുമെല്ലാം അപ്രസക്തമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top