മാവേലിക്കര
ജീവിതപ്രാരബ്‌ധങ്ങളുടെ ചുമടിൽനിന്ന് വീട്ടുവാടകയുടെ ഭാരം ഇനി ഷീനയ്‌ക്ക് ഇറക്കിവയ്‌ക്കാം. ലൈഫ് പദ്ധതിയിലെ വീടുനിർമാണം പൂർത്തിയാകുംവരെ തെക്കേക്കര പഞ്ചായത്ത് ഇവരുടെ വീട്ടുവാടക നൽകും. അതിദരിദ്ര പട്ടികയിലുൾപ്പെട്ടവരെ സർക്കാർ ഫണ്ടുപയോഗിച്ച് വാടകവീടുകളിൽ താമസിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവാണ് ഓലകെട്ടി വടക്ക് കോട്ടപ്പുറത്ത് കിഴക്കതിൽ ഷീനയ്‌ക്കും കുടുംബത്തിനും ആശ്വാസമാകുന്നത്.
ഷീനയുടെ ഭർത്താവ് നാലുവർഷം മുമ്പ് രോഗബാധിതനായി മരിച്ചു. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത കുടുംബം അന്നുമുതൽ വാടകവീടുകളിലാണ്. പതിനഞ്ചും നാലും വയസുള്ള രണ്ടു പെൺകുഞ്ഞുങ്ങളുമായി ജീവിക്കാൻ മാർഗമില്ലാതെ കഴിഞ്ഞ ഷീനയെ പഞ്ചായത്ത് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി. സ്വന്തം വാർഡിൽ ഭൂമി അനുവദിച്ചു. ലൈഫ് ഭവനപദ്ധതിയിലും ഉൾപ്പെടുത്തി.
വീട് നിർമാണം കഴിയുംവരെ ഇപ്പോൾ താമസിക്കുന്ന വീടിന്റെ വാടക തെക്കേക്കര പഞ്ചായത്ത് നൽകുമെന്ന് പ്രസിഡന്റ് ഡോ. കെ മോഹൻകുമാറാണ് ഷീനയെ അറിയിച്ചത്. സർക്കാരിനോട് ഏറെ നന്ദിയുണ്ടെന്ന് ഷീന പ്രതികരിച്ചു. സംസ്ഥാനത്തെ 15000 കുടുംബങ്ങൾക്കാണ് സർക്കാർ തീരുമാനം താങ്ങാവുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..