നാദാപുരം
തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിന്റെ ആസൂത്രിത കൊലപാതകത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധിയിലൂടെ തെളിയുന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആക്രമണത്തിന്റെ ക്രൂരമുഖം. സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമയുന്ന ലീഗിന് കനത്ത തിരിച്ചടിയായി വിധി.
മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു. ആറുപേർക്ക് വെട്ടേറ്റത് ലക്ഷ്യം കൂട്ടക്കൊലയാണെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ലീഗ് അക്രമം തടയാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വെട്ടേറ്റു. ഷിബിന്റെ വിലാപയാത്രക്കിടയിലും രണ്ട് സിപിഐ എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു. സമാധാന അക്ഷരീക്ഷം നിലനിന്ന പ്രദേശത്താണ് തെയ്യമ്പാടി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള ലീഗ് ക്രിമിനൽ സംഘം മിന്നലാക്രമണം നടത്തിയത്.
ലീഗ് ക്രിമിനലായ ഇസ്മായിലിനെ വളർത്തിയത് കോൺഗ്രസും ചേർന്നാണെന്ന് പരിക്കേറ്റ പ്രവർത്തകർ അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ലീഗിന്റെ സജീവ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും ഏത് ക്രൂരകൃത്യവുംചെയ്യാൻ പാകത്തിൽ ലീഗ് വളർത്തിയ ഗുണ്ടയാണ് തെയ്യമ്പാടി ഇസ്മായിലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുധീരനെ ധരിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പുറത്തെത്തിയത് ലീഗിന്റെ പൊയ്‌മുഖം ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുന്നതായിരുന്നു.
ഇസ്മായിൽ അടക്കമുള്ള പ്രതികളുടെ വസ്ത്രത്തിൽ ഷിബിന്റെ ചോരപ്പാടുകൾ ഉണ്ടായിരുന്നുവെന്ന് ഫോറൻസിക് വിദഗ്‌ധർ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രത്യക്ഷത്തിൽതന്നെ ശക്തമായ തെളിവുണ്ടായിരുന്നിട്ടും യുഡിഎഫ് ഭരണത്തിന്റെ തണലിൽ കേസ് അട്ടിമറിക്കുകയായിരുന്നു.
വിധി ആശ്വാസം: ഷിബിന്റെ കുടുംബം
ഷിബിൻ വധക്കേസിൽ യഥാർഥ പ്രതികൾക്കാണ് ശിക്ഷ ലഭിക്കാൻ പോകുന്നതെന്ന് ഷിബിന്റെ പിതാവ് സി കെ ഭാസ്കരൻ പറഞ്ഞു.സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി കുടുംബത്തെ ചേർത്തുനിർത്തി നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണിത്. വിധി ആശ്വാസകരമാണ്–- ഭാസ്‌കരൻ പറഞ്ഞു. വെള്ളി രാവിലെ ഹൈക്കോടതി വിധി പറയുമ്പോൾ സിപിഐ എം നേതാക്കൾക്കും അഭിഭാഷകർക്കും ഒപ്പം ഭാസ്‌കരനും ഭാര്യ അനിതയും കുടുംബവും ഹൈക്കോടതിയിൽ ഉണ്ടായിരുന്നു. സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, എ മോഹൻദാസ് എന്നിവരും ഹൈക്കോടതിയിലെത്തി. സംസ്ഥാന സർക്കാർ നിയോഗിച്ച അഭിഭാഷകൻ എസ് യു നാസർ, പി വിശ്വൻ, അരുൺ കുമാർ, പി രാഹുൽ രാജ്, പൂജ എന്നിവർ വർഷങ്ങളായി തുടർന്ന നിയമപോരാട്ടമാണ് ഒടുവിൽ വിജയംകണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..