26 December Thursday

ലീഗിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനേറ്റ തിരിച്ചടി

സി രാഗേഷ്‌Updated: Wednesday Oct 16, 2024

പ്രതികളെ ഹൈക്കോടതിയിൽനിന്ന്‌ ജയിലിലേക്ക് കൊണ്ടുപോകുന്നു


നാദാപുരം
തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ്‌ പ്രതികൾക്ക്‌ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് മുസ്ലിം ലീഗിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനേറ്റ തിരിച്ചടി. 2015 ജനുവരി 22ന് രാത്രിയാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട്‌ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ലീഗ് വളർത്തിയ ക്രിമിനൽ തെയ്യമ്പാടി ഇസ്‌മായിലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. യൂത്ത് ലീഗിന്റെ പ്രാദേശിക ഭാരവാഹികളും പ്രവർത്തകരുമായിരുന്നു പ്രതികൾ.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന വെള്ളൂർ പ്രദേശത്ത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്‌ ഷിബിന്റേത്‌. സുഹൃത്തുക്കളായ മറ്റു ആറുപേർക്കും ഗുരുതരമായി പരിക്കേറ്റു. കോൺഗ്രസ് അനുഭാവികളായ രണ്ട് യുവാക്കൾക്കും വെട്ടേറ്റത് ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ചിരുന്നു.

2016ൽ മാറാട് അതിവേഗ കോടതി കേസിൽ  മുഴുവൻ പ്രതികളെയും വിട്ടയച്ചതിനെതിരെ സംസ്ഥാന സർക്കാരും ഷിബിന്റെ പിതാവ് ഭാസ്‌കരനും അപ്പീൽ നൽകി. ഒമ്പത് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി ഏഴ്‌ മുസ്ലിം ലീഗ്‌  പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഇവരെ ശിക്ഷിക്കുകയും ചെയ്‌തത്‌. കൊലയാളികളെ രക്ഷിക്കാൻ ലീഗ് നേതൃത്വം ഫണ്ട് പിരിക്കുകയും  കോടിക്കണക്കിന് രൂപ ചെലവിടുകയും ചെയ്തിട്ടുണ്ട്. പ്രതികൾക്ക്‌ വിദേശത്ത്   ജോലിയും സുഖസൗകര്യങ്ങളും ഒരുക്കിയതും സംരക്ഷിച്ചതും ലീഗ് നേതാക്കളാണ്. കൊലപാതകത്തിനുശേഷം പ്രതികളെ ആരാധനാലയത്തിൽ ഒളിപ്പിച്ചതിന് പിന്നിലും ലീഗിലെ തീവ്രവാദ വിഭാഗമായിരുന്നു. ഹൈക്കോടതിയിൽ കേസ് വാദിക്കാനായി മണിക്കൂറിന് ലക്ഷങ്ങൾ ഫീസ്‌ നൽകി എട്ട് മുതിർന്ന അഭിഭാഷകരെ അണിനിരത്തി. എന്നാൽ കൊലപാതകത്തിന്റെ സാഹചര്യവും ലീഗുകാരുടെ പങ്കും തെളിയിക്കാൻ പ്രോസിക്യൂഷന്‌ കഴിഞ്ഞതോടെ പ്രതികൾ ശിക്ഷിക്കപ്പെട്ടു.

ഷിബിൻ വധം: വിചാരണക്കോടതിക്കെതിരെ ഹെെക്കോടതി ; പ്രതികളെ കുറ്റവിമുക്തരാക്കുന്നത് അപകടകരമായ സന്ദേശം
ഡിവൈഎഫ്‌ഐ പ്രവർത്തകൻ തൂണേരി ഷിബിന്റെ കൊലപാതകം സംബന്ധിച്ച് പ്രതികളെ വെറുതെ വിട്ട മാറാട് സ്പെഷ്യൽ അഡീഷണൽ കോടതിയുടെ കണ്ടെത്തലുകൾ വസ്തുതാപരമല്ലെന്ന് ഹെെക്കോടതി ഡിവിഷൻ ബെഞ്ച്. തെളിവുകൾ പരിഗണിക്കാതെയാണ് വിചാരണക്കോടതി വിധിയെന്നും വിമർശം.
ക്രൂരമായ കുറ്റകൃത്യത്തെ സാങ്കേതിക കാരണങ്ങളാൽ ലഘൂകരിക്കരുത്. ഇത് നീതിന്യായവ്യവസ്ഥയെ താളംതെറ്റിക്കും. അവകാശങ്ങളെ മാനിക്കാതിരിക്കുന്നത് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും പ്രതികളെ കുറ്റവിമുക്തരാക്കുന്നത് അപകടകരമായ സന്ദേശം നൽകുമെന്നും കോടതി പറഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റ സാക്ഷികളുടെ മൊഴി വിചാരണക്കോടതി മുഖവിലയ്‌ക്കെടുത്തില്ല. കൊലപാതകം നടന്നത് മറ്റൊരിടത്താണെന്ന കണ്ടെത്തലും തെറ്റായിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെയും ദൃക്‌സാക്ഷിമൊഴിയിലുടെയും അക്രമം നടന്ന സ്ഥലം പിന്നീട് സ്ഥിരീകരിച്ചു. പ്രതികൾക്കെതിരെ രാഷ്ട്രീയ പകപോക്കലിനായി കെട്ടിച്ചമച്ച കേസാണെന്ന നിരീക്ഷണവും തെറ്റായിരുന്നു. സാക്ഷികൾ നിരവധി കേസുകളിൽ പ്രതികളാണെന്ന കണ്ടെത്തലും ശരിയല്ലെന്ന് ഹെെക്കോടതി വ്യക്തമാക്കി.

മുസ്ലിംലീഗ് പ്രവർത്തകരായ പ്രതികൾ വർഗീയവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മാരകായുധങ്ങൾകൊണ്ട്‌ ആക്രമിച്ച്‌ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഷിബിൻ കൊല്ലപ്പെടുകയും ആറുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരം രണ്ടുമുതൽ ഏഴുവരെ സാക്ഷികൾക്കും ഷിബിന്റെ നിയമപരമായ പ്രതിനിധികൾക്കും നഷ്ടപരിഹാരം നൽകുന്നതുസംബന്ധിച്ച്‌ നടപടി സ്വീകരിക്കാൻ കോഴിക്കോട് ലീഗൽ സർവീസസ് അതോറിറ്റിക്കും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

വിധി ആശ്വാസം: അച്ഛൻ 
ഭാസ്‌കരൻ
ഷിബിൻ വധക്കേസിൽ ഹൈക്കോടതിയിൽനിന്ന്‌ അനുകൂലമായ വിധിയുണ്ടായത് ആശ്വാസമാണെന്ന് ഷിബിന്റെ അച്ഛൻ സി കെ ഭാസ്‌കരൻ പറഞ്ഞു. ‘10 വർഷത്തോളമായി ഈ വിധിക്കായി കാത്തിരിക്കുകയായിരുന്നു. ഒന്നാം പ്രതിയെ ഇപ്പോഴും മുസ്ലിംലീഗ് സംരക്ഷിക്കുകയാണ്’–- അദ്ദേഹം പറഞ്ഞു. കേസിൽ ചൊവ്വ ഉച്ചയ്‌ക്ക് വിധി പറയുമ്പോൾ സിപിഐ എം നേതാക്കൾക്കും അഭിഭാഷകർക്കുമൊപ്പം ഭാസ്‌കരനും ഹൈക്കോടതിയിലുണ്ടായിരുന്നു. സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി അംഗങ്ങളായ എ മോഹൻദാസ്, സി കെ അരവിന്ദാക്ഷൻ എന്നിവരാണ്‌ കൂടെയുണ്ടായത്‌. സംസ്ഥാന സർക്കാർ നിയോഗിച്ച  അഭിഭാഷകൻ എസ് യു നാസർ, അഡ്വ. കെ വിശ്വൻ, അഡ്വ. അരുൺ ബോസ്, അഡ്വ. പി രാഹുൽ രാജ്, അഡ്വ. പൂജ എന്നിവർക്കും  സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റിക്കും ഷിബിന്റെ കുടുംബം നന്ദി അറിയിച്ചു.

നീതി ലഭിച്ചു: 
ഷിബിന്റെ അമ്മ
‘19 വയസ്സുള്ള മോനെയാ അവർ ഇല്ലാതാക്കിയത്‌. അവൻ ഞങ്ങളോടൊപ്പം ജീവിക്കേണ്ടവനായിരുന്നു. ഹൈക്കോടതി വിധിയിലൂടെ ഞങ്ങൾക്ക് നീതി ലഭിച്ചു’ –- ഷിബിന്റെ അമ്മ കെ അനിത മാധ്യമങ്ങളോട് പറഞ്ഞു.  വിധിയിൽ സംതൃപ്തിയുണ്ട്. ഒന്നാം പ്രതിക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭ്യമാക്കണമെന്നും അവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top