06 October Sunday

ഷിബിൻ വധം: പ്രതികളുടെ സംരക്ഷണത്തിന്‌ ലീഗ്‌ ഉന്നതൻ

സ്വന്തം ലേഖകൻUpdated: Sunday Oct 6, 2024

കോഴിക്കോട്‌
തൂണേരി വെള്ളൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സി കെ ഷിബിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളെ സംരക്ഷിച്ചതും വിദേശത്തെത്താൻ സഹായിച്ചതും മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ അറിവോടെ. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടതോടെ വിദേശത്തേക്ക്‌  കടക്കാനും ജോലിയൊരുക്കാനും  മുൻകൈയെടുത്തത്‌ മുൻ എംഎൽഎയായ  പ്രവാസി വ്യവസായിയാണ്‌. പ്രതികൾ കുറ്റക്കാരാണെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ കണ്ടെത്തിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ തീരുമാനം. ഇതിനുള്ള ഫണ്ട്‌ സമാഹരണവും പ്രവാസി വ്യവസായി ഏറ്റെടുത്തെന്നാണ്‌ സൂചന.

വെള്ളിയാഴ്‌ചത്തെ  ഹൈക്കോടതിവിധി നേതാക്കളിലൊരു വിഭാഗത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌. ആസൂത്രിത കൊലയെപ്പറ്റി പ്രതികൾ വ്യക്തമാക്കിയാൽ പല നേതാക്കളും വെട്ടിലാകും. പ്രതികൾ 15നുമുമ്പ്‌ ഹൈക്കോടതിയിൽ ഹാജരാകാനാണ്‌ നിർദേശം. ഇനി ഇവർ കോടതിയിൽ ഹാജരായി ജയിലിലേക്ക്‌ പോയാലേ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്യാനാകൂ. അതുകൊണ്ട്‌ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നീക്കവും അണിയറയിലുണ്ട്‌.

കൊലയ്‌ക്കുശേഷം മുസ്ലിം യൂത്ത്‌ ലീഗ്‌ നേതാവ്‌ പിടിയിലായ നിമിഷംമുതൽ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നേതൃത്വം തുടങ്ങിയിരുന്നു. കൊലയ്‌ക്കുശേഷം രക്ഷപ്പെട്ട സംഘം ഈ നേതാവിന്റെ വീട്ടിലായിരുന്നു എത്തിയത്‌. ഇവിടെനിന്ന്‌ കടക്കാൻ ശ്രമിക്കവേയാണ്‌ പ്രതികൾ പിടിയിലായത്‌. 
         ഈ മേഖലയിലെ പല അതിക്രമങ്ങൾക്കും നേതൃത്വം നൽകിയ കുപ്രസിദ്ധ  ക്രിമിനലായ തെയ്യമ്പാടി ഇസ്‌മയിലാണ്‌ അക്രമി സംഘത്തെ നയിച്ചത്‌. അയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടായപ്പോഴും പൊലീസ്‌ ഗുണ്ടാലിസ്‌റ്റിൽ ഉൾപ്പെടുത്തിയപ്പോഴും രക്ഷിച്ചെടുത്തത്‌ ലീഗ്‌ നേതാക്കളായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top