തിരുവനന്തപുരം>വിഴിഞ്ഞത്തുനിന്നുള്ള ചരക്ക് നീക്കം മുന്നിൽ കണ്ട് കന്യാകുമാരി മുതൽ തൃശൂർവരെ മൂന്ന്, നാല് പാതകൾക്ക് സാധ്യതാപഠനം ആരംഭിച്ച് റെയിൽവേ. തുറമുഖവുമായി ബന്ധപ്പെട്ട് കണ്ടെയ്‌നർ ട്രാഫിക്കിന്റെ വിവരങ്ങൾ ശേഖരിച്ചു. തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുകൾ വിഴിഞ്ഞത്ത് എത്താനാണ് സാധ്യത. ട്രാൻസ്‌ഷിപ്പ്‌മെന്റാണ് തുറമുഖത്ത് പ്രധാനമായും നടക്കുന്നതെങ്കിലും ചരക്കിന്റെ 15 ശതമാനം കരമാർഗമായിരിക്കുമെന്നാണ് കരുതുന്നത്. അതിന്റെ 80 ശതമാനവും റെയിൽവേ വഴിയായിരിക്കും.
ഹൈദരാബാദിലേക്ക് 48 മണിക്കൂറിനകം ചരക്ക് ട്രെയിൻ എത്തിക്കാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. ഇത് യാത്രാട്രെയിനുകളുടെ സർവീസിനെ ബാധിക്കാത്തതരത്തിൽ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം–-മംഗളൂരു റൂട്ടിൽ 627 വളവുകളുണ്ട്. അതിനാൽ വന്ദേഭാരത് ഒഴിച്ചുള്ള മിക്ക ട്രെയിനുകളുടെ ശരാശരി വേഗം 45 കിലോമീറ്ററിൽ താഴെയാണ്. വന്ദേഭാരതിന്റേത് 72 കിലോമീറ്ററും.
2028 ഡിസംബർ ആകുമ്പോഴേക്കും വിഴിഞ്ഞം തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാണ് ആലോചന. ഇതിനായി വിഴിഞ്ഞത്തുനിന്ന് ബാലരാമപുരംവരെ 10.7 കിലോമീറ്റർ റെയിൽപ്പാത നിർമിക്കണം. ഇതിന്റെ 9.2 കിലോമീറ്റർ ടണലിലൂടെയാണ്. ഭൂമി ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഷൊർണ്ണൂർ മുതൽ എറണാകുളംവരെ മൂന്നാംപാതയ്‌ക്ക് അംഗീകാരമായിട്ടുണ്ട്. എറണാകുളം–-തിരുവനന്തപുരംവരെ മൂന്നാംപാതയ്‌ക്കും ഷൊർണ്ണൂർ മുതൽ മംഗളൂരുവരെ മൂന്ന്, നാല് പാതകൾക്കും സർവേയ്‌ക്ക് അനുമതിയുണ്ട്. പുതിയ ലൈനുകൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കേന്ദ്രറെയിൽമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
കണ്ടെയ്‌നർ
റെയിൽ ടെർമിനൽ സ്ഥാപിക്കും
വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിച്ചുള്ള റെയിൽപ്പാത വരുന്നതുവരെ ചരക്ക് നീക്കത്തിന് കണ്ടെയ്‌നർ റെയിൽ ടെർമിനൽ സ്ഥാപിക്കും. ഇതിനായി യാർഡ് നിർമിക്കും. അവിടേക്ക് റെയിൽവേ ലൈനുമായി ബന്ധിപ്പിച്ച് രണ്ടോ, മൂന്നോ പാളങ്ങൾ നിർമിക്കും. നിലവിലുള്ള റെയിൽവേ സ്‌റ്റേഷനോട് ചേർന്നാണിത്. നേമം, കഴക്കൂട്ടം എന്നിവയാണ് പരിഗണനയിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..