അങ്കോള
ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് ഗംഗാവലിപ്പുഴയിൽ വീണ അർജുൻ ഓടിച്ച ട്രക്കിന്റേതെന്ന് കരുതുന്ന ഹൈഡ്രോളിക്ക് ജാക്ക് കണ്ടെത്തി. ഒപ്പം ലോറിയുടെ മുൻവാതിലിന്റെ കഷണവും നീണ്ട ഇരുമ്പുദണ്ഡും മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ കണ്ടെത്തി കരക്കെത്തിച്ചു. അർജുനെ കാണാതായതിന്റെ 28–-ാം ദിവസമാണ് കരയിൽനിന്നും നൂറടി അകലെ 40 അടി താഴ്‌ചയിൽനിന്നും ഇവ കിട്ടിയത്.
ഹൈഡ്രോളിക്ക് ജാക്ക്, അർജുൻ ഓടിച്ച ട്രക്കിന്റേത് തന്നെയാണെന്ന് ഷിരൂരിലുള്ള ട്രക്കുടമ മനാഫ് സ്ഥിരീകരിച്ചു. പിന്നിൽ ഇടതുഭാഗത്ത് ടൂൾ ബോക്‌സിലാണ് ഇതുണ്ടായത്. ട്രക്ക് ഒലിച്ചുപോയപ്പോൾ തെറിച്ചതാകാമെന്നും മനാഫ് പറഞ്ഞു. പുഴയുടെ അടിത്തട്ട് വൻ മരങ്ങളും ചെളിയും നിറഞ്ഞനിലയിലാണെന്ന് ഈശ്വർ മൽപെ പറഞ്ഞു. ചൊവ്വ വൈകിട്ട് മുക്കാൽ മണിക്കൂർ പുഴയിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ബുധനാഴ്‌ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും.
ചൊവ്വ രാവിലെ ഈശ്വർ മൽപെയും അർജുന്റെ വീട്ടുകാരുമടക്കം നൂറോളം പേർ ഷിരൂരിൽ എത്തി. എന്നാൽ പുഴയിൽ മുങ്ങാൻ മൽപെയ്‌ക്ക് ജില്ലാ അധികൃതർ അനുമതി നൽകാത്തത് ആശങ്കക്കിടയാക്കി. വൈകിട്ട് മൂന്നിനാണ് അനുമതി നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..