26 December Thursday

അർജുൻ കാണാമറയത്തുതന്നെ ; സൈന്യം പിന്മാറുന്നു , കരയിലും പുഴയിലുമായി തിരച്ചിൽ തുടരുമെന്ന്‌ 
മലയാളി രക്ഷാപ്രവർത്തകർ

വിനോദ്‌ പായംUpdated: Monday Jul 22, 2024

ഷിരൂരിലെ മണ്ണിടിഞ്ഞ സ്ഥലത്ത് റഡാർ ഡിറ്റക്ടറുമായി തിരച്ചിൽനടത്തുന്ന സെെനികർ


അങ്കോള
ഒരാഴ്‌ച പിന്നിട്ടിട്ടും അർജുന് വേണ്ടിയുള്ള തിരച്ചിൽ നിഷ്‌ഫലം. ഷിരൂരിൽ മണ്ണിടിഞ്ഞുവീണിടത്ത്‌ അർജുനും ട്രക്കുമില്ലെന്ന്‌ സൈന്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരയിലെ തിരച്ചിൽ അവസാനിപ്പിച്ച്‌ സൈന്യം മടങ്ങുകയാണെന്ന്‌  കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. സർക്കാർ പറഞ്ഞാൽ ഉടൻ മടങ്ങുമെന്ന് സൈനിക ഉദ്യോഗസ്ഥനും പ്രതികരിച്ചു. അതേസമയം സ്ഥലത്തെ 70 ശതമാനം മണ്ണും നീക്കിയിട്ടില്ലെന്ന്‌ കേരളത്തിൽ നിന്നെത്തിയ  രക്ഷാപ്രവർത്തകൻ  തിരുവനന്തപുരം സ്വദേശി  രഞ്ജിത് ഇസ്രായേൽ പറഞ്ഞു. കരയിലാണോ പുഴയിലാണോ  ട്രക്കെന്ന് ഉറപ്പായിട്ടില്ല.  നീക്കിയ മണ്ണിൽ പകുതിയും സമീപത്താണ്‌ മാറ്റിയിട്ടത്. 150 ഓളം രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുമെന്നും രഞ്ജിത് ഇസ്രായേൽ പറഞ്ഞു.

തിങ്കൾ പകൽ മുഴുവൻ പുഴക്കരയിൽ നടത്തിയ തിരച്ചിലിൽ പ്രധാനമായും രണ്ട് ഡീപ്പ് സെർച്ച് റഡാർ സിഗ്നലാണ് സൈന്യത്തിന് ലഭിച്ചത്. ഇത് ട്രക്കിന്റെ ലോഹഭാഗമാകും എന്ന പ്രതീക്ഷയും അസ്ഥാനത്തായി. പുഴക്കരയോട് ചേർന്ന് വൈകിട്ട്  സിഗ്നൽ കിട്ടിയത്‌ പ്രകാരം തിരഞ്ഞെങ്കിലും  ഗുണം ചെയ്തില്ല.  നേവിയും എൻഡിആർഎഫും പുഴയിൽ രാത്രി ഏഴ്‌ വരെ തിരച്ചിൽ തുടർന്നു.

90 ശതമാനം മണ്ണും നീക്കിയെന്നും കരയിൽ ട്രക്കില്ലെന്നും റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെഗൗഡ   അറിയിച്ചിരുന്നു.  കേരളത്തിൽനിന്ന്‌ എത്തിയ  രക്ഷാപ്രവർത്തകർ സൈന്യവുമായി ചേർന്ന് വീണ്ടും കരയിൽ തിരച്ചിൽ നടത്തി. സൈന്യത്തിന്റെ റഡാർ സിഗ്നലിൽ എട്ടു മീറ്റർ ആഴത്തിൽ രണ്ടിടത്ത്  സിഗ്നൽ കണ്ടത് പ്രതീക്ഷ വർധിപ്പിച്ചു. അവ നീക്കിയെങ്കിലും ഫലമുണ്ടായില്ല.

20 അടിയോളം താഴ്ചയുള്ള പുഴയുടെ മധ്യത്തിൽ മണ്ണിടിഞ്ഞ് തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. ആ ഭാഗങ്ങൾ  സൈന്യത്തിന്റെ ഡൈവിങ് ടീം പരിശോധിച്ചു. മൺകൂനയ്‌ക്കകത്ത് ട്രക്ക് അകപ്പെട്ടോയെന്ന സംശയം ബലപ്പെടുകയാണ്. അങ്ങനെയെങ്കിൽ അപകടമുണ്ടായശേഷം അർജുന്റെ ഫോൺ റിങ് ചെയ്‌തെന്നും ലോറിയുടെ എൻജിൻ ഓണായന്നുമുള്ള വാദങ്ങൾ എങ്ങനെ പൊരുത്തപ്പെടും എന്ന സംശയവും ബാക്കി.

16ന്‌ രാവിലെയാണ്‌ മണ്ണിടിഞ്ഞ്‌ കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്‌. അന്ന് രാവിലെ ആറുവരെയുള്ള പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം ഐഎസ്ആർഒ ശേഖരിച്ച് ഉത്തര കന്നഡ ജില്ലാ അധികൃതർക്ക് നൽകി. ആ സമയം അർജുൻ ട്രക്ക് പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ സ്ഥാനം അറിയുന്നത് പുഴയിലെ തിരച്ചിലിൽ നിർണായകമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top