തൃശൂർ> കൊടകര കള്ളപ്പണക്കേസിലെ സാക്ഷിയായ ബിജെപി തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദവും പൊളിഞ്ഞു. ഭാര്യയ്ക്കും മകനുമൊപ്പമുള്ള ശോഭാ സുരേന്ദ്രന്റെ ചിത്രം സതീശ് പുറത്തുവിട്ടു. തന്റെ വീട്ടിൽ വെച്ചെടുത്ത ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. സതീശന്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ശോഭ സുരേന്ദ്രന്റെ അറിവോടെയാണ് കുഴൽപ്പണക്കേസിൽ താൻ വിവരങ്ങൾ പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പറഞ്ഞിരുന്നു. കോടതിയിൽ താൻ കൃത്യമായ കാര്യങ്ങൾ പറയുമെന്ന് ശോഭ സുരേന്ദ്രനോട് സൂചിപ്പിച്ചിരുന്നു. അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്താൻ അവർ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ ഇക്കാര്യം പുറത്തുവിട്ടാൽ തനിക്ക് സംസ്ഥാന പ്രസിഡന്റാകാൻ വഴിയൊരുങ്ങുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രനെപ്പൊലെയല്ല, കുറച്ചുക്കൂടി വ്യക്തതയുള്ള നേതാവായാണ് ശോഭ സുരേന്ദ്രനെ പ്രവർത്തകർ കണ്ടിരുന്നത്. ആ ധാരണ തെറ്റിച്ചു. തന്നെ ആക്ഷേപിക്കാൻ ശോഭ രംഗത്ത് എത്തിയതുകൊണ്ടാണ് ശോഭയുടെ പേര് പറയേണ്ടി വന്നത്. സിപിഐ എം നേതാക്കൾ സഹായിച്ചതായും മൊയ്‌തീന്റെ വീട്ടിൽ കൂടിക്കാഴ്‌ച നടത്തിയതായും അവർ കള്ളക്കഥ പറയുകയാണെന്നും സതീശ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..