23 December Monday

വീട്ടിൽ അതിക്രമിച്ചുകയറി 
യുവതിക്കുനേരെ വെടിയുതിർത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

അജ്ഞാത വെടി ഉതിർത്ത പെരുന്താന്നി പങ്കജിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു


തിരുവനന്തപുരം
നഗരമധ്യത്തിൽ വീട്ടിൽ അതിക്രമിച്ചുകയറിയ വനിതാഅക്രമി എയർഗണ്ണുപയോഗിച്ച്‌ യുവതിയെ വെടിവെച്ചു. എയർപെല്ലറ്റ്‌ വലതുകൈയിൽ തുളച്ചുകയറി പരിക്കേറ്റ കിഴയ്‌ക്കേകോട്ട പെരുന്താനി ആർ എ 125 ബി പങ്കജിൽ ഷിനിയെ (35) സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാക്കി.

ഞായർ രാവിലെ എട്ടരയോടെയാണ്‌ സംഭവം. രാവിലെ കോളിങ്‌ബെൽ ശബ്ദംകേട്ട്‌ ഷിനിയുടെ ഭർതൃപിതാവ്‌ ഭാസ്‌കരൻനായർ വാതിൽ തുറന്നു. പകുതി മുഖം മറച്ച ഒരു സ്‌ത്രീ, കൊറിയർ സർവീസിൽനിന്നാണെന്നും ഷിനി ഒപ്പിട്ടാലേ പാഴ്‌സൽ കൈമാറൂ എന്നും പറഞ്ഞു. ഷിനി എത്തിയപ്പോൾ, കോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന എയർഗണ്ണെടുത്ത്‌ വെടിയുതിർത്തു. രണ്ടുതവണ ഉന്നംപിഴച്ചു. ഇതിനിടെ ഷിനി തോക്കിൽ കയറിപ്പിടിച്ചപ്പോൾ കൈയ്‌ക്ക്‌ വെടിയേറ്റു. സംഭവസമയത്ത്‌ ഷിനിയുടെ മക്കളും ഭർതൃമാതാവും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയിൽ തറച്ചുകയറിയ എയർഗൺ പെല്ലറ്റ്‌ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

വഞ്ചിയൂർ പൊലീസ്‌ അന്വേഷണമാരംഭിച്ചു. ഫോറൻസിക്‌ വിഭാഗം നടത്തിയ പരിശോധനയിൽ എയർഗൺ പെല്ലറ്റുകൾ വീട്ടിനുള്ളിൽനിന്ന്‌ കണ്ടെത്തി. യുവതിവന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വ്യാജ നമ്പറാണ്‌ പതിച്ചിരുന്നതെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. മുഖം മറച്ചെത്തിയ സ്ത്രീയാണ്‌ ആക്രമിച്ചതെന്നും മുൻപരിചയമില്ലെന്നും ഷിനി പൊലീസിനോട്‌ പറഞ്ഞു. സിസിടിവിയും ഫോൺ രേഖകളും പൊലീസ്‌ പരിശോധിച്ചു. കാർ ചാക്ക വരെ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top