22 December Sunday

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിൽ വീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

പാലക്കാട്‌> ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് പുഴയില്‍ വീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സേലം അടിമലൈ പുത്തൂര്‍ സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിൻ ഇടിയിൽ നിന്നും രക്ഷപ്പെടാൻ ലക്ഷ്മണൻ പാലത്തിൽനിന്ന്‌ പുഴയിലേക്ക് ചാടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ലക്ഷ്മണന്റെ റാണി (45), വള്ളി ( 55), ഭർത്താവ്‌ ലക്ഷ്മണൻ (60) എന്നിവർ മരിച്ചിരുന്നു.

ശനി പകൽ മൂന്നോടെ കൊച്ചിൻ പാലത്തിലൂടെ തിരുവനന്തപുരത്തേക്കുപോയ കേരള എക്സ്പ്രസാണ്‌ (126226) പാളത്തിലും പരിസരത്തും വീഴുന്ന മാലിന്യം ശേഖരിക്കുകയായിരുന്ന  തൊഴിലാളികളെ ഇടിച്ചത്‌. ലക്ഷ്മണന്റെ മൃതദേഹം ട്രാക്കിനും പാലത്തിനും ഇടയിൽനിന്നും റാണിയുടെയും വള്ളിയുടെയും മൃതദേഹം പാലത്തിനുതാഴെ മണൽത്തിട്ടയിൽനിന്നുമാണ് കണ്ടെത്തിയത്. ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ വൺവേ ട്രാക്കിലൂടെ വേഗത്തിലാണ്‌ ട്രെയിൻ കടന്നുപോയത്.

ഒരു കിലോമീറ്ററോളം ദൂരമുള്ള പാലത്തിൽ എവിടെയും സുരക്ഷാ ക്യാബിനില്ലാത്തതിനാൽ ഓടി രക്ഷപ്പെടാനായില്ല. ട്രെയിൻ വരുന്നതിന്റെ മുന്നറിയിപ്പുകളും ലഭിച്ചിരുന്നില്ല. പുഴയിലേക്ക് വീണ ലക്ഷ്മണനെ കണ്ടെത്താൻ സ്കൂബാ ടീം ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. സേലത്തുനിന്ന് ശനിയാഴ്ചയാണ് ശുചീകരണ തൊഴിലാളികളായ നാലുപേരും എത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top