21 December Saturday

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്‌ഐയെ സസ്‌പെൻഡ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

കാസർകോട്‌ > ഓട്ടോ ഡ്രൈവറായയ അബ്ദുൾ സത്താർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ എസ്‌ഐ പി അനൂപിനെ അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്‌തു. കാസർകോട്‌ അഡീഷണൽ എസ്‌പി പി ബാലകൃഷ്‌ണൻ നായർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ്‌ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപയുടെ നടപടി. പൊലീസ്  കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുകൊടുക്കാൻ കാലതാമസം വരുത്തിയതാണ്‌ അബ്ദുൾസത്താറിന്റെ ആത്മഹത്യക്ക്‌ കാരണമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

ഗതാഗതക്കുരുക്കുണ്ടാക്കിയെന്ന്‌ ആരോപിച്ച് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്താണ്‌ അബ്ദുൽ സത്താർ സ്വയം ജീവനെടുത്തത്‌. നെല്ലിക്കുന്ന് ബീച്ച് റോഡ് ജങ്ഷനില്‍, റോഡിനു നടുവില്‍ തടസമുണ്ടാക്കി എന്നാരോപിച്ചാണ് ഓട്ടോയുടെ താക്കോല്‍ പൊലീസ് ഊരിയെടുത്തെത്. പിന്നീട് സ്റ്റേഷനിലെത്തിച്ച ഓട്ടോ 5 ദിവസം കഴിഞ്ഞും വിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് സത്താര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ജീവനൊടുക്കും മുമ്പ്‌ അബ്ദുൾസത്താർ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട ലൈവ്‌ വീഡിയോയിൽ നാലുദിവസം എസ്‌ഐയിൽനിന്നുണ്ടായ മാനസിക പീഡനത്തെക്കുറിച്ച്‌ വിശദമായി പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിന്‌ പിന്നാലെ ഓട്ടോ ഡ്രൈവർമാരുമായി എസ്‌ഐ തർക്കത്തിലേർപ്പെടുന്ന വീഡിയോകളും പുറത്തുവന്നു.

ഗതാഗതക്കുരുക്കുണ്ടാക്കിയെന്ന്‌ എസ്‌ഐ അവകാശപ്പെടുന്ന സമയത്ത്‌ സംഭവസ്ഥലത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ്‌ വൈ കൃഷ്‌ണനെ അഗ്നിരക്ഷാ സേനയിലേക്ക്‌ തിരിച്ചയക്കുകയഒം ചെയ്തു. എസ്‌ഐ പി അനൂപിനെ സംഭവദിവസം തന്നെ കാസർകോട്‌ സ്‌റ്റേഷനിൽനിന്നും ചന്തേരയിലേക്കും ഹോംഗാർഡ്‌ കൃഷ്‌ണനെ കുമ്പളയിലേക്കും സ്ഥലംമാറ്റിയിരുന്നു. ആത്മഹത്യ സംബന്ധിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ നേതൃത്വത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്‌.

എസ്‌ഐയെ സസ്‌പെൻഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഐ എമ്മും സിഐടിയുവും ഓട്ടോ തൊഴിലാളി യൂണിയനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക്‌ കത്തയച്ചിരുന്നു. ഇതേ തുടർന്നാണ്‌ ദ്രുതഗതിയിൽ റിപ്പോർട്ട്‌ തേടി അനൂപിനെ അടിയന്തരമായി സസ്‌പെൻഡ്‌ ചെയ്‌തത്‌. പൊലീസ്‌ സേനയ്‌ക്ക്‌ അവമതിപ്പുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുണ്ടായിട്ടും എസ്‌ഐ അനൂപ്‌ അതിരുവിട്ട പെരുമാറ്റമാണ്‌ നടത്തിയതെന്ന്‌ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ അയച്ച കത്തിൽ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top