ന്യൂഡൽഹി
നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടർന്നാണിത്.
വ്യാഴാഴ്ച സിദ്ദിഖിന്റെ അഭിഭാഷകർ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ഹാജരായി മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാൻ ആവശ്യപ്പെട്ടേക്കും. നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതി ദിലീപിനായി തുടർച്ചയായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി സിദ്ദിഖിനുവേണ്ടി ഹാജരായേക്കുമെന്നാണ് സൂചന.
സംസ്ഥാന സർക്കാരും അതിജീവിതയും സുപ്രീംകോടതിയിൽ തടസ്സ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ ഭാഗംകൂടി കേട്ടശേഷമേ സിദ്ദിഖിന്റെ ഹർജിയിൽ തീരുമാനമെടുക്കാവൂയെന്ന് സംസ്ഥാന സ്‌റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ മുഖേന സമർപ്പിച്ച തടസ്സഹർജിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. അതിജീവിതയ്‌ക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാജയ്‌സിങ് ഹാജരാകും.
തികച്ചും അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ ബലാത്സംഗക്കേസുകളിൽ സുപ്രീംകോടതി ജാമ്യം അനുവദിക്കാറുള്ളു. അതിനിടെ സിദ്ദിഖിനായുള്ള തിരിച്ചിൽ പൊലീസ് തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..