13 October Sunday

സിൽവർലൈൻ വിരുദ്ധ സഖ്യത്തിൽ പനച്ചിക്കാട്‌ പഞ്ചായത്ത്‌ സെക്രട്ടറിയും; അന്വേഷണം വേണമെന്ന്‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Apr 14, 2022
പുതുപ്പള്ളി > സിൽവർലൈൻ പദ്ധതിക്കെതിരെ കള്ളം പ്രചരിപ്പിക്കുക, അതിശയാേക്തി കലർന്ന കെട്ടുകഥകളും അസത്യങ്ങളും പറഞ്ഞ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, ജനങ്ങളെ ഭീതിയിലാഴ്‌ത്തി സർക്കാരിനെതിരെ തെരുവിലിറക്കുക തുടങ്ങിയ ആസൂത്രിത നീക്കങ്ങളാണ്‌ കോട്ടയത്ത്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽയുടെ നേതൃത്വത്തിൽ യുഡിഎഫും സിൽവർലൈൻ വരുദ്ധ ബിജെപി, യുഡിഎഫ്‌ കൂട്ടുകെട്ടും നടത്തുന്നത്‌. ഇതിന്റെ ചുവടുപിടിച്ചാണ്‌ യുഡിഎഫ്‌ ഭരിക്കുന്ന പനച്ചിക്കാട്‌ പഞ്ചായത്തിലെ സെക്രട്ടറിയും അവിശുദ്ധ സഖ്യത്തിൽ ചേർന്നത്‌. സർക്കാർ നയം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ രാഷ്‌ട്രീയലക്ഷ്യത്തോടെ സർക്കാരിനെതിരെ ജനവികാരം ഉയർത്താൻ ലക്ഷ്യമിട്ട്‌ സിൽവർലൈൻ വിരുദ്ധ കൂട്ടുകെട്ടിൽ ചേർന്നു.
 
വീടിന്റെ  മുകൾനില പണിയാൻ സ്വകാര്യവ്യക്തി നൽകിയ അപേക്ഷ, ഇല്ലാത്ത സർക്കാർ ഉത്തരവ്‌ ഉണ്ടെന്ന്‌ പറഞ്ഞാണ്‌ സെക്രട്ടറി നിഷേധിച്ചത്‌. കൊല്ലാട്, കൊച്ചുപുരയ്ക്കൽ ജിമ്മി ഈശോ മാത്യുവാണ്‌ വീട്‌ വിപുലീകരണത്തിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയത്‌. യുഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തിൽ സെക്രട്ടറി നിയമവും ചട്ടവും സർക്കാർ നിർദേശങ്ങളും മറികടന്ന്‌ ഭരണകക്ഷിയുടെയും അവരുടെ രാഷ്‌ട്രീയസഖ്യത്തിന്റെയും താൽപര്യത്തിനൊത്ത്‌ പ്രവർത്തിച്ചു.
 
വീട്‌ വിപുലീകരണത്തിന്‌ അനുമതി വേണമെങ്കിൽ സിൽവർലൈൻ പദ്ധതിയുടെ സ്‌പെഷ്യൽ തഹസിൽദാരുടെ എൻഒസി വേണമെന്ന്‌ സെക്രട്ടറി നിർബന്ധം പിടിച്ചു. ഈ വിവരം രേഖപ്പെടുത്തി സെക്രട്ടറി അരുൺകുമാർ രഹസ്യമായി സ്‌പെഷ്യൽ തഹസീൽദാർക്ക്‌ കത്ത്‌ നൽകി. ഫെബ്രുവരിയിൽ കൊടുത്ത അപേക്ഷയ്‌ക്ക്‌ ഏപ്രിൽ ആയിട്ടും തീരുമാനമുണ്ടായില്ല. ഇതിനിടെ കത്തിന്റെ പകർപ്പ്‌ പുറത്തായി. നിർദിഷ്ട റെയിൽവേ ലൈൻ കടന്നുപോകുന്നത്‌ 245 സർവേ ഭൂമിയിലൂടെയാണന്നും ബഫർസോൺ പരിധിയലാണന്നുമാണ്‌ സെക്രട്ടറി കണ്ടുപിടിച്ച്‌ തഹസിൽദാർക്ക്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. എന്നാൽ വീട്‌ നിർമാണം, വിപുലീകരണം, വിൽപന, പണയപ്പെടുത്തൽ തുടങ്ങിയ ഒന്നിനും തടസമില്ലെന്നും സ്ഥലം സർക്കാർ ഏറ്റെടുത്തിട്ടില്ലന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കിയതോടെ സെക്രട്ടറിക്കും കൂട്ടർക്കും നാണംകെട്ട്‌ പിന്മാറേണ്ടിവന്നു.
 
നിയമവിരുദ്ധമായി വീട്‌ പണിക്ക്‌ അനുമതി നിഷേധിച്ച സെക്രട്ടറിയുടെ നടപടിക്കെതിരെ സിപിഐ എം പ്രതിഷേധവുമായി എത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി കെ റെയിൽ വിരുദ്ധ സമരത്തിന്‌ ശക്തിപകരുന്ന സെക്രട്ടറിയുടെയും യുഡിഎഫ്‌ ഭരണസമിതിയുടെയും നടപടിയെ സിപിഐ എം ചോദ്യംചെയ്‌തു. ഇതിനിടെ പ്രശ്‌നം ആളിക്കത്തിക്കാൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും രംഗത്തെത്തി.
 
സിപിഐ എം പനച്ചിക്കാട്, കൊല്ലാട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു. ഒടുവിൽ കള്ളക്കളി പൊളിഞ്ഞതോടെ സെക്രട്ടറി നിൽക്കക്കള്ളിയില്ലാതെ അപേക്ഷകന്‌ പെർമിറ്റ്‌ അനുവദിച്ചു. ഇതോടെ തിരുവഞ്ചുരും ഭരണസമിതിക്കാരും നടത്തിയ ഗൂഢാലോചന വെളിച്ചത്തായി. അപേക്ഷകനെ അനാവശ്യമായി ആറുമാസം ഓഫീസുകൾ കയറിയിറങ്ങാൻ കാരണക്കാരനായ സെക്രട്ടറിയുടെയും അതിന്‌ കൂട്ടുനിന്ന പഞ്ചായത്ത്‌ ഭരണസമതിയുടെയും നടപടിക്കെതിരെ നിയമനടപടിക്ക്‌ ഒരുങ്ങുകയാണ്‌ അപേഷകൻ. ഇല്ലാത്ത നിയമം പറഞ്ഞ്‌ സർക്കാരിന്റെ പദ്ധതിക്കെതിരെ ജനങ്ങളെ  ഇളക്കാൻ ശ്രമിച്ച പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം നേതാക്കൾ ആവശ്യപ്പെട്ടു.  ഉപരോധം സിപിഐ എം ഏരിയ  സെക്രട്ടറി സുഭാഷ് പി വർഗീസ് ഉദ്ഘാടനം ചെയ്‌തു. പനച്ചിക്കാട് ലോക്കൽ സെക്രട്ടറി ഇ ആർ സുനിൽകുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ ജെ അനിൽകുമാർ, പി കെ മോഹനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top