30 December Monday

പരാതി കൊടുപ്പിച്ചത്‌ 
വി ഡി സതീശൻ ; കൂടുതൽ വെളിപ്പെടുത്തലുണ്ടാകും : സിമി റോസ്‌ബെൽ ജോൺ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


കൊച്ചി
തനിക്കെതിരെ വനിതാ നേതാവിനെക്കൊണ്ട്‌ പരാതി കൊടുപ്പിച്ചത്‌ വി ഡി സതീശനാണെന്ന്‌ സിമി റോസ്‌ബെൽ ജോൺ. കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസിന്‌ കൂടുതൽ സ്ഥാനങ്ങൾ നൽകാനുള്ള നീക്കമാണിത്‌. പരാതി നൽകിയ വനിതാ നേതാക്കളെ ജനങ്ങൾ അറിയാൻ തുടങ്ങിയിട്ട്‌  രണ്ടുവർഷമേ ആയിട്ടുള്ളൂ. 37 വർഷത്തെ പ്രവർത്തനപരിചയമുള്ള തനിക്കെതിരെ അവർ നൽകിയ പരാതിയെക്കുറിച്ച്‌ നേതൃത്വം സംസാരിക്കാൻപോലും തയ്യാറായില്ലെന്നും സിമി പറഞ്ഞു.

നേതൃത്വത്തിന്റെ ചൂഷണങ്ങൾക്കെതിരെ വൈകാതെ കൂടുതൽ തുറന്നുപറയലുകളുണ്ടാകും. നേതൃത്വത്തിനെതിരെ തന്നോട്‌ പരാതി പറഞ്ഞ മൂന്നുപേരുടെ പക്കൽ വ്യക്തമായ തെളിവുണ്ട്‌. ഭയംമൂലമാണ്‌ പരസ്യമായി പറയാത്തത്‌. അർഹതയുള്ളവർക്ക്‌ അവസരം നിഷേധിക്കുന്നതിനെതിരെ പ്രതികരിച്ചതിനാണ്‌ തന്നെ പുറത്താക്കിയത്‌.

‘‘കെപിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്ന്‌ എനിക്ക്‌ നീതി കിട്ടിയില്ല. ഒന്നരമാസംമുമ്പ്‌ പ്രശ്‌നങ്ങളറിയിച്ച്‌ കെ സുധാകരന്‌ പരാതി നൽകിയിരുന്നു. പ്രതിപക്ഷനേതാവിനെ മറികടന്ന്‌ തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നമട്ടിലാണ്‌ അദ്ദേഹം സംസാരിച്ചത്‌. പിഎസ്‌സി അംഗമായില്ലേ, ഇനി വീട്ടിലിരിക്കൂ എന്ന രീതിയിൽ സതീശൻ മുമ്പും പറഞ്ഞിട്ടുണ്ട്‌. 

കെ സി വേണുഗോപാൽ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റായിരുന്നപ്പോൾ ഏക വനിതാ ജനറൽ സെക്രട്ടറിയായിരുന്നു ഞാൻ. അന്ന്‌ സതീശൻ ഭാരവാഹിപ്പട്ടികയിലോ ജില്ലാനേതൃത്വത്തിലോ ഇല്ല. പകവീട്ടുംപോലെയാണ്‌ എനിക്കെതിരെയുള്ള നീക്കങ്ങൾ. വെളിപ്പെടുത്തലിന്റെ ഭാഗമായി ഭീഷണിയുണ്ട്‌. കൃത്യമായ തെളിവ് നിരത്തി ഇവരുടെ കാപട്യത്തിനെതിരെ പ്രതികരിക്കും.’’–- സിമി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top