14 October Monday

വയലേലകളുടെ പച്ചപ്പനന്തത്തേ; മച്ചാട്ട് വാസന്തിക്ക് വിട

എ സുരേഷ്Updated: Sunday Oct 13, 2024

ഫോട്ടോ ജഗത്‌ലാൽ

"പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ..
പുന്നെല്ലിൻ പൂങ്കരളേ...'

എന്ന ഒറ്റ ഗാനത്തിലൂടെ മലയാളത്തിന്റെ കാതുകളിൽ ഇമ്പമുണർത്തിയാണ് വാസന്തി ജനപ്രിയ ഗായികയായി വന്നത്. കമ്യൂണിസ്റ്റ് പാർടി സമ്മേളനങ്ങളിലും നാടകവേദികളിലും വിപ്ലവഗാനമാലപിച്ച് മലബാറിലെ വാനമ്പാടിയായി. എം എസ് ബാബുരാജിന്റെ ഇഷ്ടഗായിക സിനിമയിലെത്തിയതും ഇണക്കത്തിൽ. പിന്നണിഗായികയായി ശ്രദ്ധേയ തുടക്കമെങ്കിലും വഴി സുഗമമായില്ല. പാട്ടും നാടകാഭിനയവും സിനിമയും ജീവിതത്തിന്റെ ഗതിവിഗതികളിൽ തട്ടിത്തടഞ്ഞ് നിരാശയുടെ കയത്തിലേക്കാണ് എത്തിച്ചത്.

കണ്ണൂരിൽ കിസാൻസഭാ സമ്മേളനത്തിലാണ് ഒമ്പത് വയസ്സുകാരി ആദ്യമായി സ്റ്റേജിൽ പാടിയത്. അച്ഛൻ മച്ചാട്ട് കൃഷ്ണൻ കമ്യൂണിസ്റ്റ് പ്രവർത്തകനും ഗായകനും. അദ്ദേഹത്തിന്റെ മകൾ പാടുമെന്ന് കേട്ടപ്പോൾ  ഇകെനായനാരാണ് വേദിയിൽ പാടാൻ പ്രേരിപ്പിച്ചത്. മൈക്കിനൊപ്പമെത്താൻ സ്റ്റൂളിൽ കയറ്റിനിർത്തി. "പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീരയുവാവേ നീ' എന്ന് തുടങ്ങുന്ന പാട്ട്നിർത്തിയത് നിറഞ്ഞ കരഘോഷത്തിൽ. അത് കേട്ട് നായനാർ പറഞ്ഞു: "ഇവൾ മലബാറിന്റെ വാനമ്പാടിയാവും'. തുടർന്ന് പാർടി സമ്മേളനവേദികളിൽ സ്ഥിരം ഗായിക.  ബാബുരാജുമായി കൃഷ്ണനുള്ള സൗഹൃദമാണ് കുടുംബത്തെ കോഴിക്കോട്ടെത്തിച്ചത്.

ഹിന്ദുസ്ഥാനി പാരമ്പര്യമുള്ള ജനകീയ പാട്ടുകാരൻ ബാബുരാജിൽനിന്ന് സംഗീതം പഠിക്കുകയായിരുന്നു ഉദ്ദേശ്യം. അങ്ങനെ കണ്ണൂരിലെ കക്കാട് താമസിച്ച കുടുംബം കോഴിക്കോട്ടേക്ക് മാറി. ബാബുരാജിന്റെ വീട്ടിൽപോയി പഠിക്കാൻ സൗകര്യത്തിന് കല്ലായിക്കടുത്ത് വാടകവീടെടുത്തു. അച്ഛന്റെവഴിപിന്തുടർന്ന് പാർടി സമ്മേളനങ്ങളിൽപാടിയ  വാസന്തി കോഴിക്കോട്ടെ നാടകവേദികളിലും സാന്നിധ്യമായി. അന്ന് കോഴിക്കോട്  അബ്ദുൽഖാദറും ബാബുരാജും മറ്റും സജീവമാക്കിയ ജനകീയ കലാവേദിയിൽ ശബ്ദവും ആസ്വാദകർ തിരിച്ചറിഞ്ഞു.  ചെറുകാടിന്റെ നമ്മളൊന്ന് നാടകത്തിൽ പൊൻകുന്നം ദാമോദരന്റെ രചനയിൽ ബാബുരാജ് ഈണം നൽകിയ പച്ചപ്പനം തത്തേ.. വാസന്തി ആലപിച്ചത് 13ാം വയസ്സിൽ. ഐക്യകേരള പിറവിക്കുമുമ്പ് കേരളം മുഴുക്കെ കേട്ട ഗാനം പിന്നീട് അരങ്ങത്ത് പലരും പാടി. കാലങ്ങൾക്കു ശേഷം "നോട്ടം' സിനിമയിൽ എം ജയചന്ദ്രന്റെ ഈണത്തിൽ  യേശുദാസ് പാടിയത് 2005. അപ്പോഴും ആസ്വാദ കരിൽ ഒളിമങ്ങാതെ നിന്നത് വാസന്തിയുടെ മധുരശബ്ദം. ബാബുരാജ് ആദ്യമായി സംഗീതം നൽകിയ തിരമാല സിനിമയിൽ അവർ ഗായിക. ചിത്രം ഇറങ്ങിയില്ല. പിന്നാലെ രാമുകാര്യാട്ടിന്റെ "മിന്നാമിനുങ്ങി' അദ്ദേഹം ഈണമിട്ട "തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും...', "ആര് ചൊല്ലിടും ആര് ചൊല്ലിടും...' എന്നീ ഗാനങ്ങളിലൂടെ സിനിമയിൽ വരവറിയിച്ചു.


 

രണ്ടാം ചിത്രമായ അമ്മുവിൽ എൽ ആർ ഈശ്വരിക്കൊപ്പം പാടിയ "കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ..' ശ്രദ്ധേയമായി. എന്നാൽ അവരെ പ്രശസ്തിയിലേക്കെത്തിച്ചത് എം ടിയുടെ ഓളവും തീരവും ചിത്രത്തിലെ "മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കിരിമ്പു തോട്ടം..' എക്കാലത്തെയും മികച്ച ഗാനം.  സിനിമയിൽ അവസാനമായി പാടിയ മീശമാധവനിലെ "പത്തിരി ചുട്ടു വിളമ്പി...' കാസറ്റിലൊതുങ്ങി. ആറ് സിനിമകളിൽ മാത്രം പിന്നണിഗായികയായ വാസന്തി ഇരട്ടി ചിത്രങ്ങളിൽ  അഭിനയിച്ചു. സിനിമയെക്കാൾ ആകാശവാണിയും നാടകവും പൊതുവേദികളുമാണ് ഗായികയെ ഉയർത്തിക്കൊണ്ടു വന്നത്.

കാൽനൂറ്റാണ്ടിലധികം ആകാശവാണിയിലെ  സ്ഥിരം ഗായിക. അവസരങ്ങൾ നേട്ടമാക്കാനോ പ്രശസ്തി ഉപയോഗിച്ച് മുന്നേറാനോ തയ്യാറായതുമില്ല. കലാലോകത്തേക്ക് കൈപിടിച്ചു നടത്തിയ അച്ഛനും അവസരങ്ങൾ നൽകിയ ബാബുരാജും അബ്ദുൽഖാദറുമെല്ലാം പിൻവാങ്ങിയതോടെ വാസന്തിയും കാണാമറയത്തായി. ഭർത്താവിന്റെ മരണവും തളർത്തി. മക്കളോടൊപ്പം വാടകവീടുകൾ കയറിയിറങ്ങി അലഞ്ഞ ജീവിതം ചെന്നെത്തിയത് ശാരീരിക അവശതകളിലും.

സിനിമയും സംഗീതവും പുതുമോടിയണിയുകയും നാടകവേദി തളരുകയും ചെയ്തത് വാസന്തിയെപ്പോലുള്ളവരെ അപ്രസക്തരാക്കി. ആദ്യകാല സഹപ്രവർത്തകരുടെയും സിനിമയിലെ ഏതാനും  ചിലരുടെയും സഹായത്തിലാണ് അവസാനകാലത്ത് ആശ്വസം കണ്ടെത്തിയത്. ആകാശവാണിയിലും അരങ്ങുകളിലുമായി ആയിരക്കണക്കിന് പാട്ടുകൾ പാടിയ അവർ ജീവിതവേദിയിലെ നഷ്ടനായികാവേഷവും അഴിച്ചുവച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top