തിരുവനന്തപുരം
രാഷ്‌ട്രീയദൗത്യം നിറവേറ്റുന്നതിനൊപ്പം, പൊതുപത്രമായി ദേശാഭിമാനിയെ വളർത്തുന്നതിന് മാർഗദർശിയായി ഒപ്പമുണ്ടായിരുന്ന നേതാവാണ് സീതാറാം യെച്ചൂരി. ദേശാഭിമാനിയുടെ 80-ാം വാർഷികാഘോഷത്തിന്റെ സമാപനം 2023 ജനുവരി 18ന് തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്തതും അദ്ദേഹമാണ്.
വിദ്യാർഥി നേതാവായിരിക്കുമ്പോൾ മുതൽ ദേശാഭിമാനിയിലും അനുബന്ധ പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ടായിരുന്നു. പ്രത്യേക പതിപ്പുകളിലേക്കെല്ലാം സൈദ്ധാന്തിക സംഭാവനകൾ ലേഖനങ്ങളായി നൽകി. ദേശാഭിമാനി നേതൃത്വം നൽകിയ ചർച്ചകളിലും സംവാദങ്ങളിലും പ്രധാന പ്രഭാഷകനായി, മാധ്യമരംഗത്തെ കോർപറേറ്റുവൽക്കരണത്തെ തുറന്നുകാട്ടി.
ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ സംഭവവികാസങ്ങളെക്കുറിച്ച് ദേശാഭിമാനി പത്രത്തിന്റെ എഡിറ്റ് പേജിൽ നിരവധി ലേഖനങ്ങൾ എഴുതി. വിളപ്പിൽശാലയിൽ ഇ എം എസ് അക്കാദമിയിൽ സൂക്ഷിച്ചിട്ടുള്ള, 37 വർഷംമുമ്പത്തെ ഉത്തരകൊറിയൻ യാത്രയുടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ദേശാഭിമാനി യൂട്യൂബ് ചാനലുമായി പങ്കുവച്ചിരുന്നു. ജനുവരിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിനായി അക്കാദമിയിലെത്തിയപ്പോഴാണ് ചിത്രം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. മലയാള മനോരമ, മാതൃഭൂമി പത്രങ്ങൾ ഡൽഹിയിൽ എഡിഷൻ തുടങ്ങിയപ്പോൾ തലസ്ഥാനത്തും പരിസരങ്ങളിലും ദേശാഭിമാനി അച്ചടിച്ച് വിതരണം ചെയ്യുന്നതിന്റെ സാധ്യതയെക്കുറിച്ച് യെച്ചൂരി ദേശാഭിമാനി പ്രവർത്തകരുമായി സംസാരിച്ചിരുന്നു.
സുപ്രധാന രാഷ്‌ട്രീയ സംഭവ വികാസങ്ങൾ ദേശാഭിമാനി ലേഖകരുടെ ശ്രദ്ധയിൽപ്പെടുത്തിയ യെച്ചൂരി ചില സമരമുഖങ്ങളിൽ അനുഗമിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..