21 December Saturday

ഉയരങ്ങളിലെ തീയണയ്‌ക്കാം, 
 50 മീറ്ററിലധികം ഉയരത്തിൽ വെള്ളം പമ്പുചെയ്യാം ; വരുന്നു സ്‌കൈലിഫ്‌റ്റ്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Friday Nov 15, 2024


കൊച്ചി
അമ്പതു മീറ്ററിലേറെ ഉയരമുള്ള കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന്‌ അഗ്നി രക്ഷാസേനയ്‌ക്കായി സ്‌കൈലിഫ്‌റ്റ്‌ എത്തുന്നു. ജില്ലാ ആസ്ഥാനമായ ഗാന്ധിനഗർ ഫയർസ്‌റ്റേഷന്റെ രക്ഷാപ്രവർത്തനങ്ങൾക്ക്‌ കരുത്തുപകരുന്നതാണ്‌ പുതിയ സംവിധാനം. 35 മീറ്ററോളം ഉയർന്ന്‌, അവിടെനിന്നുകൊണ്ട്‌ രക്ഷാപ്രവർത്തനം നടത്താനിത്‌ സഹായിക്കും. 50 മീറ്ററിലധികം ഉയരത്തിൽ വെള്ളം പമ്പുചെയ്യാം. അഗ്നി രക്ഷാസേനയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ്‌ സംസ്ഥാന സർക്കാർ ജില്ലയ്‌ക്ക്‌ സ്‌കൈലിഫ്‌റ്റ്‌ അനുവദിച്ചത്‌. തുടർനടപടികൾ പുരോഗമിക്കുകയാണ്‌.

സ്കൈലിഫ്‌റ്റ്‌
ഇരുപതുനില കെട്ടിടത്തിനുമുകളിൽ കയറാൻ കഴിയുന്ന പ്ലാറ്റ്‌ഫോമോടുകൂടിയ ഏരിയൽ ലാഡറും ലിഫ്റ്റ് സംവിധാനവുമടങ്ങുന്ന കവചിതവാഹനമാണ് സ്കൈലിഫ്‌റ്റ്‌. ഹൈഡ്രോളിക് ലിഫ്റ്റ്,​ ഓക്‌സിജൻ സൗകര്യം,​ 50 മീറ്റർ ഉയരത്തിൽവരെ വെള്ളവും ഫയർ ഫൈറ്റിങ്‌ ഫോമുകളും പമ്പുചെയ്യാനുള്ള മോട്ടോറുകൾ ഉൾപ്പെടെയുള്ള ആധുനികസംവിധാനങ്ങളുണ്ട്‌. വിദേശനിർമിതമായ സ്‌കൈലിഫ്‌റ്റിന്‌ 15 കോടിയിലധികം രൂപ വരും.

3500 ബഹുനിലമന്ദിരങ്ങൾ
അഗ്നി രക്ഷാസേനയുടെ കണക്കുപ്രകാരം ജില്ലയിൽ ഏതാണ്ട്‌ 3500 ബഹുനില കെട്ടിടങ്ങളാണുള്ളതെന്ന്‌ ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ പറഞ്ഞു. ഇതിൽ 60 മീറ്റർ ഉയരമുള്ളവ 40 എണ്ണം. കൊച്ചി നഗരത്തിൽമാത്രം ആയിരത്തോളമുണ്ട്‌. ഇൻഫോപാർക്കിൽ 140 മീറ്റർ ഉയരമുള്ള ലുലുവിന്റെ കെട്ടിടമാണ് കേരളത്തിലെ ഉയരമുള്ള കെട്ടിടം. റസിഡൻഷ്യൽ കെട്ടിടമായ തൃപ്പൂണിത്തുറ ചോയ്‌സ്‌ ടവറിന്‌ 129 മീറ്റർ ഉയരമുണ്ട്‌. കെട്ടിടങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ കൊച്ചി നഗരത്തിൽ സ്‌കൈലിഫ്‌റ്റ്‌ പോലെയുള്ള സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്‌. 18 വർഷംമുമ്പ്‌ ഗാന്ധിനഗർ ഫയർഫോഴ്‌സ്‌ ഇത്തരം സ്‌കൈലിഫ്‌റ്റ്‌ ഉപയോഗിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top