22 December Sunday

കാണാനേറെ ; തിരുവനന്തപുരത്തേക്ക്‌ പറക്കാൻ വിദേശികൾ , ട്രെൻഡിങ്‌ ഡെസ്റ്റിനേഷൻ പട്ടികയിൽ ഇടംപിടിച്ച്‌ തലസ്ഥാനം

സ്വന്തം ലേഖകൻUpdated: Thursday Oct 17, 2024


തിരുവനന്തപുരം
കടലും മലനിരകളും തീർക്കുന്ന പ്രകൃതിഭംഗി.. പൗരാണിക നിർമിതികളുടെ ആകർഷണീയത... സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നൂതന ടൂറിസം പദ്ധതികളുടെ ദൃശ്യവിരുന്ന്‌–- തിരുവനന്തപുരം ലോക ടൂറിസം ഭൂപടത്തിൽ സഞ്ചാരികളുടെ പ്രിയ ഇടമാകുന്നു. പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്‌കൈ സ്‌കാനറിന്റെ ട്രെൻഡിങ്‌ ഡെസ്റ്റിനേഷൻ പട്ടികയിൽ ഇടംപിടിച്ച്‌ തലസ്ഥാനം. 2025ൽ വിനോദസഞ്ചാരികൾ യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന ട്രെൻഡിങ്‌ ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ പത്താം സ്ഥാനമാണ് തിരുവനന്തപുരത്തിന്‌.

ഇന്റർനെറ്റിൽ ഡെസ്റ്റിനേഷനുകൾക്കായുള്ള കഴിഞ്ഞ 12 മാസത്തെ തിരച്ചിലിലെ വർധന അടിസ്ഥാനമാക്കിയാണ് പട്ടിക. 66 ശതമാനം വർധനയാണ് തിരുവനന്തപുരത്തിന്. ഇറ്റലിയിലെ റെജോ കലാബ്രിയ ആണ് പട്ടികയിൽ ഒന്നാമത്. ഹെൽത്ത്-വെൽനെസ് ടൂറിസത്തിലെ നേട്ടവും തിരുവനന്തപുരത്തെ പട്ടികയിൽ മുൻനിരയിൽ എത്തിച്ചു.

തിരുവനന്തപുരത്തെയും കേരളത്തെയും സംബന്ധിച്ച്‌ സന്തോഷകരമായ അംഗീകാരമാണിതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. പുതിയ കാലത്ത് ഹെൽത്ത്-വെൽനെസ് ടൂറിസത്തിന് വലിയ പ്രാധാന്യമാണ് സഞ്ചാരികൾ നൽകുന്നത്. ലോക പ്രശസ്‌തമായ അനേകം കാഴ്‌ചകളുണ്ട്‌ ഇവിടെ. തിരുവനന്തപുരത്തെ പൈതൃക നഗരമാക്കാനുള്ള പ്രവൃത്തി പൂർത്തിയാകുന്നു. മാനവീയം വീഥി വലിയ ശ്രദ്ധ നേടി. പ്രതിമകളുടെ ചരിത്രം പറയുന്ന പദ്ധതി അവസാനഘട്ടത്തിലാണ്‌. ചന്ദ്രശേഖർ നായർ സ്റ്റേഡിയം ഓവർബ്രിഡ്‌ജും ചാക്ക ഓവർ ബ്രിഡ്‌ജും ദീപാലംകൃതമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top