21 November Thursday
നിർമാണം അന്തിമഘട്ടത്തിലേക്ക്

ഇതാ തുറക്കുന്നു, സ്മാർട്ട് റോഡ്

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2024

മീഡിയൻ നിർമാണം പുരോഗമിക്കുന്ന സിവി രാമൻപിള്ള റോഡ്

തിരുവനന്തപുരം > പ്രധാന ​ന​ഗരവീഥികളെ ലോകോത്തരമാക്കുന്ന സ്മാർട്ട് റോഡുകളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. സ്മാർട്ട് സിറ്റിയുടെ ഭാ​ഗമായി കെആർഎഫ്ബി നിർമിക്കുന്ന പത്ത് സ്മാർട്ട് റോഡുകളുടെയും അന്തിമ ടാറിങ് ഉടൻ ആരംഭിക്കും. ഇവിടെയെല്ലാം മണ്ണിനടിയിൽ കേബിൾ സ്ഥാപിക്കുന്നതടക്കമുള്ള അനുബന്ധ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. റോഡ് ​ഗതാ​ഗതത്തെ ബാധിക്കാത്ത രീതിയിലാണ് നിർമാണം. വെ‍ള്ളയമ്പലം ആൽത്തറ മുതൽ ചെന്തിട്ടവരെ നാലുവരിയായി നിർമിക്കുന്ന സി വി രാമൻ പിള്ള റോഡായിരിക്കും ആദ്യം ​പൂർത്തിയാക്കുക.

ഇവിടെ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തികളെല്ലാം പൂർത്തിയായി. ഇപ്പോൾ മീഡിയന്റെ നിർമാണമാണ് നടക്കുന്നത്. ഇരുവശവും കൈവരിയോടുകൂടിയ നടപ്പാതയിൽ കാഴ്ചപരിമിതർക്ക് ശബ്ദസഹായത്തോടെ നടക്കാൻ സഹായിക്കുന്ന ടോക് ടൈലുകൾ പാകും. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ ആൽത്തറമുതൽ തൈക്കാട് ഗസ്റ്റ് ഹൗസ് വരെ നടപ്പാതയോടുചേർന്ന് സൈക്കിൾ ട്രാക്കും ഉണ്ടാകും. പിന്നാലെ റോഡിന്റെ നടുവിലും ഇരുവശങ്ങളിലും വഴിവിളക്കുകളും സ്ഥാപിക്കും. എതിർവശത്തുനിന്ന്‌ വരുന്ന വാഹനങ്ങളുടെ ലൈറ്റിൽനിന്ന്‌ രക്ഷിക്കാൻ മീഡിയനിൽ ഉടനീളം ആന്റി ഗ്ലെയർ മീഡിയനുമുണ്ടാകും. 77 കോടി രൂപയാണ് നിർമാണച്ചെലവ്. ഓണത്തിനുമുമ്പ് എല്ലാ റോഡുകളും രണ്ടാംഘട്ട ടാറിങ് പൂർത്തിയാക്കി തുറന്നുനൽകുമെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു.  

കിള്ളിപ്പാലം– അട്ടക്കുളങ്ങര റോഡ്
 
ഒരു കിലോമീറ്റർ നീളത്തിലുള്ള കിള്ളിപ്പാലം – അട്ടക്കുളങ്ങര റോഡിൽ ഓട നിർമാണം പൂർത്തിയായി. ഇവിടെ കേബിൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികൾ പുരോ​ഗമിക്കുകയാണ്. പ്രദേശത്തെ വെള്ളക്കെട്ട് തടയാൻ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം വലിയ ഓട നിർമിക്കേണ്ടതിനാലാണ് റോഡ് പ്രവൃത്തി നീണ്ടത്. റോഡിന്റെ നിർമാണച്ചെലവ് 25 കോടി രൂപയാണ്.
 
ഫോറസ്റ്റ് ഓഫീസ്– ബേക്കറി ജങ്ഷൻ റോഡ്
 
ഏറെക്കാലമായി മുടങ്ങിക്കിടന്ന ഫോറസ്റ്റ് ഓഫീസ്– ബേക്കറി ജങ്ഷൻ റോഡിലെയും ആദ്യഘട്ട ടാറിങ് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. 585 മീറ്റർ റോഡിന് അഞ്ചു കോടി രൂപയാണ് ചെലവ്. 
 
അന്തിമഘട്ട ടാറിങ്ങിന് ഒരുങ്ങുന്ന റോഡുകൾ
 
അയ്യൻകാളി ഹാൾ– ഫ്ലൈ ഓവർ റോഡ്  ന​ഗരത്തിലെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ ഒരുങ്ങുകയാണ് അയ്യൻകാളി ഹാൾ – ഫ്ലൈ ഓവർ റോഡ്. അന്തിമഘട്ട ടാറിങ് പൂർത്തിയായാൽ നാലുസോണായി തിരിച്ച് നൈറ്റ് ലൈഫിനായി റോഡ് വികസിപ്പിക്കും. വിനോദസഞ്ചാരത്തിനും പ്രാധാന്യം നൽകും. നടന്നാൽ ലൈറ്റുകൾ പ്രകാശിക്കുന്ന എൽഇഡി ഇന്റർആക്ടീവ് തറകൾമുതൽ അലങ്കാരമത്സ്യടാങ്കുകൾവരെ വീഥിയിലുണ്ടാകും. ഇ വി ചാർജിങ് സ്റ്റേഷൻ,  ഇരിപ്പിടങ്ങൾ, വീൽച്ചെയർ സൗകര്യം, സ്‌മാർട്ട് ബസ് ഷെൽട്ടർ, സ്‌മാർട്ട് ടോയ്‌ലെറ്റുകൾ, ഇൻഫർമേഷൻ ബോർഡ് സോൺ എന്നിവയും സജ്ജമാക്കും. റോഡ് നിർമാണത്തിനുമാത്രം 2.85 കോടിയാണ് ചെലവ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top