27 December Friday

കാലടികൾ വഴികാട്ടുമീ പാതയിൽ

എസ് കിരൺബാബുUpdated: Wednesday Aug 28, 2024

സി വി രാമൻപിള്ള റോഡിലെ ടാക്ടെയിൽ പാതയിലൂടെ നടക്കുന്ന വിനോദ് മാഷ്

തിരുവനന്തപുരം > "ലോകോത്തര പാതയെന്നാൽ ഇതാണ്. കാഴ്ചപരിമിതരായ ഞങ്ങളെപ്പോലുള്ളവർക്ക് കൂടി പ്രത്യേക പരിഗണന നൽകി സംസ്ഥാന സർക്കാർ നിർമിച്ച ഈ  സ്മാർട്ട് റോഡുകൾ. കാണാനാവില്ലെങ്കിലും ഈ കാലടികൾ ഓരോന്നും കാട്ടിത്തരുന്നുണ്ട്; സർക്കാരിന്റെ കരുതലും നിശ്ചയദാർഢ്യവും'ആൽത്തറ മുതൽ ചെന്തിട്ടവരെ നാലുവരിയായി നിർമിക്കുന്ന സി വി രാമൻ പിള്ള റോഡിലെ "ടാക്ടൈൽ പാത'യിലൂടെ നടക്കുകയാണ് വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ അധ്യാപകനായ ബി വിനോദ്. ഇരുവശവും കൈവരിയുള്ള നടപ്പാതയിൽ കാഴ്ചപരിമിതർക്ക് നടക്കാൻ സഹായിക്കുന്ന ടാക്‍ടൈലുകൾ പാകിക്കഴിഞ്ഞു. 
 
കാഴ്ചവൈകല്യമുള്ളവർക്ക് വാക്കിങ് സ്റ്റിക്കിലൂടെ കൃത്യമായ വഴി കണ്ടെത്താനാകുന്ന ബ്രെയിലി ബ്ലോക്കുകൾ കൊണ്ടുള്ള പാതയാണിത്. മറ്റുയാത്രക്കാർ ഇത്തരം പാതകൾ ഒഴിവാക്കി നടക്കാൻ മഞ്ഞ നിറത്തിലുള്ള ടാക്ടൈലുകളാണ് ഇവിടെ പാകുന്നത്. സാധാരണ ടൈലുകളെ പോലെ മിനുസമുള്ളതല്ല ടാക്ടൈലുകളുടെ ഉപരിതലം. കാഴ്ചശക്തിയില്ലാത്തവർക്ക് കാലുകൾ കൊണ്ടോ വടി ഉപയോഗിച്ചോ പരതി നോക്കുമ്പോൾ മനസ്സിലാക്കത്തക്കവണ്ണം പ്രത്യേകം ഡിസൈനുകൾ ഉയർന്നുനിൽക്കുന്ന തറയോടുകളാണ് ഇവ. 
 
ടാക്ടൈലിന്റെ ഓരോ ഡിസൈനുകൾക്കും ഓരോ അർഥമുണ്ട്. വടികൊണ്ട് പരതുമ്പോൾ വലിയ കുത്തുകളാണെങ്കിൽ "ശ്രദ്ധിക്കുക' എന്ന്‌ അർഥം. നീളത്തിലുള്ള തടിച്ച വരകൾ പൊങ്ങിനിൽക്കുന്ന ടൈലുകൾ "മുന്നോട്ടുനടക്കാം' എന്നാണ് സൂചിപ്പിക്കുന്നത്. വട്ടത്തിൽ കുത്തുകളുള്ള ടാക്ടൈലുകൾ നാലെണ്ണം ഒരുമിച്ച് പാകിയിരുന്നാൽ അതിനർഥം "ജങ്‌ഷൻ' എന്നാണ്. അവിടെനിന്ന്‌ നേരെ പോകാനും തിരിഞ്ഞുപോകാനും വഴികൾ ഉണ്ടാവും എന്നർഥം. ഇതെല്ലാം കാഴ്ചപരിമിതരായ വിദ്യാർഥികളെ പഠിപ്പിക്കുന്നുമുണ്ട്. 
 
സി വി രാമൻപിള്ള റോഡ് ഉൾപ്പെടെ നഗരത്തിലെ 11 സ്മാർട്ട് റോഡുകളിലും 28 നഗരറോഡുകളിലും ടാക്ടൈലുകൾ സ്ഥാപിച്ചിട്ടുണ്ട്. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ ആൽത്തറമുതൽ തൈക്കാട് ഗസ്റ്റ് ഹൗസുവരെ നടപ്പാതയോടുചേർന്ന് സൈക്കിൾ ട്രാക്കും നിർമിക്കും. ഓണത്തിനുമുമ്പ് നിർമാണം പൂർത്തിയാക്കി സി വി രാമൻപിള്ള റോഡ് നാടിന് സമർപ്പിക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top