22 December Sunday

ലോക പാമ്പുദിനം നാളെ; ആപ്പിലായത്‌ 34,559 പാമ്പുകൾ

സി എ പ്രേമചന്ദ്രൻUpdated: Monday Jul 15, 2024

photo credit: facebook

തൃശൂർ >രാജവെമ്പാലയായാലും കരിമൂർഖനായാലും ജനവാസ കേന്ദ്രത്തിൽ എത്തിയാൽ ഭയപ്പെടേണ്ട. ‘സർപ്പ’ ആപ്പിൽ കുടുക്കാം. കൊല്ലാനല്ല, രക്ഷിക്കാൻ. സംസ്ഥാന വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വഴി മൂന്നരവർഷത്തിനിടെ പിടികൂടി വനമേഖലയിൽ എത്തിച്ചത്‌ 34,559 പാമ്പുകളെ. ഇതുവഴി പാമ്പുകടിയേറ്റ്‌ മരിക്കുന്നവരുടെ എണ്ണം കേരളത്തിൽ ഗണ്യമായി കുറക്കാനായെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. 
 
സർപ്പ ആപ്പ്‌ 2020 ആഗസ്‌റ്റിലാണ്‌ ആരംഭിച്ചത്‌. പ്രത്യേകം പരിശീലനം പൂർത്തിയാക്കിയവർ ഡിസംബർ മുതൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.  ഈ വർഷം ജൂൺ 30വരെ സംസ്ഥാനത്ത്‌ ജനവാസ മേഖലകളിൽ 35,874 പാമ്പുകളെ കണ്ടതായാണ്‌ ആപ്പുവഴി കിട്ടിയ റിപ്പോർട്ട്‌. ഇതിൽ 34,559  പാമ്പുകളെ വനത്തിലാക്കി. രാജവെമ്പാല 266, അണലി 23,  മലമ്പാമ്പ്‌ 7,162, മൂർഖൻ 11,566,  ചേനത്തണ്ടൻ 1,696,  മറ്റുപാമ്പിനങ്ങൾ 13,846 എന്നിങ്ങനെയാണ്‌ പിടികൂടിയത്‌.
 
പ്ലേ സ്‌റ്റോറിൽനിന്ന്‌ ആപ്പ്‌ ആർക്കും ഡൗൺലോഡ്‌ ചെയ്യാം. പാമ്പിനെ കണ്ടാൽ ആപ്പിലൂടെ അധികൃതരെ അറിയിക്കാം. വൈകാതെ രക്ഷാസംഘമെത്തി പാമ്പിനെ ആവാസവ്യവസ്ഥയിൽ വിടും. വിവിധ ജില്ലകളിൽ വനംവകുപ്പ്‌ 2400 പേർക്ക്‌ പാമ്പുപിടിത്തത്തിൽ ശാസ്‌ത്രീയ പരിശീലനം നൽകിയെന്ന്‌  സംസ്ഥാന നോഡൽ ഓഫീസർ  മുഹമ്മദ് അൻവർ പറഞ്ഞു. ഇതിൽ നൂറിലധികം പേർ സ്ത്രീകളാണ്. ഇവർക്കെല്ലാം ലൈസൻസ്‌ അനുവദിച്ചിട്ടുണ്ട്‌. എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരുമുണ്ട്‌.
   
സർപ്പ ആപ്പ്‌ 
 
സർപ്പ അപ്ലിക്കേഷനിൽ മൊബൈൽ നമ്പർ വഴിയോ ഇമെയിൽ വഴിയോ ലോഗിൻ ചെയ്യാം. പാമ്പിനെ കണ്ടാലോ കടിയേറ്റാലോ അറിയിക്കേണ്ടത്‌, ഇനം തിരിച്ചറിയൽ തുടങ്ങിയ വിവരങ്ങൾ ആപ്പിലുണ്ട്‌. പാമ്പുകളുടേയോ കണ്ട സ്ഥലത്തിന്റെയോ ഫോട്ടോ അപ്‌ലോഡ്‌ ചെയ്‌താൽ ഏറ്റവും അടുത്തുള്ള പരിശീലകർ എത്തും. അവരുടെ ഫോൺ നമ്പറുകളും കടിയേറ്റാൽ എത്തിക്കാവുന്ന ആശുപത്രികളുടെ ലിസ്‌റ്റും  ഉണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top