കൊച്ചി > കേരള ഹൈക്കോടതിയിൽ പുതിയ ജഡ്‌ജിയായി ശോഭ അന്നമ്മ ഈപ്പനെ നിയമിച്ചു. ഹൈക്കോടതി ബാറിൽനിന്ന് ജഡ്‌ജിയായി നിയമിതയാകുന്ന നാലാമത്തെ വനിതയാണ്. ഇതോടെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴായി. ഇത്രയും വനിതാ ജഡ്ജിമാർ കേരള ഹൈക്കോടതിയിൽ ആദ്യമാണ്. കഴിഞ്ഞ ഒക്‌ടോബറിലാണ് ശോഭയെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തത്.
കോന്നി, പള്ളുരുത്തി എംഎൽഎയായിരുന്ന അന്തരിച്ച ഈപ്പൻ വർഗീസിന്റെയും അന്നമ്മയുടെയും മകളാണ്. ആലുവ ക്രൈസ്‌തവ മഹിളാലയം, എറണാകുളം സെന്റ് തെരേസാസ്, തേവര സേക്രഡ്‌ഹാർട്ട് എന്നിവിടങ്ങളിൽ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം. 1991ൽ എറണാകുളം ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. കൊച്ചി ബാറിലാണ് പ്രാക്‌ടീസ് ആരംഭിച്ചത്.1997 മുതൽ 2002 വരെ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗമായിരുന്നു.
2003ൽ അഡ്വ. ചന്ദ്രമോഹൻദാസിന്റെ കീഴിൽ ഹൈക്കോടതിയിൽ പ്രാക്‌ടീസ് തുടങ്ങി. ഒരുവർഷത്തിനുശേഷം സ്വതന്ത്രമായി പ്രാക്‌ടീസ് ആരംഭിച്ചു. ഭരണഘടന, നികുതി, സിവിൽ നിയമങ്ങളിൽ ശ്രദ്ധേയയായി. 2011- 2016ൽ സീനിയർ ഗവ. പ്ലീഡറായിരുന്നു. ലിസ് വുഡ് പ്രോഡക്‌ട്സ് ഉടമ ഫോർട്ട് കൊച്ചി പയ്യമ്പള്ളി പി ടി വർഗീസാണ് ഭർത്താവ്. മക്കൾ: ഷാരൺ ലിസ് വർഗീസ്, തോമസ് വർഗീസ് (ബിസിനസ്). മരുമകൻ: ആരോമൽ സാജു കുന്നത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..