തൃശൂർ > ഗ്രൂപ്പുപോരിന്റെ പേരിൽ തന്റെ വീഡിയോയും ചിത്രവും മോർഫ് ചെയ്‌ത് യൂത്ത് കോൺഗ്രസ് നേതാവ് ദുരുപയോഗം ചെയ്‌തതായി വനിതാ നേതാവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ അടക്കമുള്ള മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടും പാർടി തലത്തിൽ യാതൊരു നടപടിയുമുണ്ടായില്ലെന്ന് വനിതാ നേതാവിന്റെ പരാതി.
ഗ്രൂപ്പിന്റെ പേരിൽ തന്റെ കുടുംബം തകർക്കാനാണ് ശ്രമിച്ചത്. ഇത് അംഗീകരിക്കാനാവില്ല. പ്രതികൾക്ക് ശിക്ഷ നേടും വരെ പോരാട്ടം തുടരും. വർഷങ്ങളോളം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിട്ടും നേതാക്കളാരും തന്നെ ഫോണിൽ വിളിക്കുകപോലും ചെയ്‌തിട്ടില്ലെന്നും വനിതാ നേതാവ് മതിലകത്ത് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുമാസം മുമ്പാണ് സംഭവം. തുടർന്ന് താൻ ഗൾഫിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. കേസിന്റെ തുടർനടപടി അറിയാൻ തിങ്കളാഴ്‌ച മതിലകം പൊലീസ് സ്‌റ്റേഷനിൽ യുവതി എത്തി. വിദേശത്തായതിനാലാണ് നടപടികൾ വൈകിയതെന്ന് പൊലീസ് അറിയിച്ചു.
ചില രേഖകൾ കൂടി ആവശ്യമാണെന്നും അറിയിച്ചു. 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകാൻ തയ്യാറാണെന്ന് താൻ അറിയിച്ചു. അപേക്ഷയും നൽകി. തുടർനടപടികൾ സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പു നൽകി. നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ ഇരയാവുന്നുണ്ട്. പലരും പ്രതികരിക്കാൻ മടിക്കുകയാണ്. പത്തുലക്ഷം രൂപ നൽകി കേസ് ഒതുക്കാൻ ശ്രമങ്ങളുണ്ടായി. എന്നാൽ താൻ വഴങ്ങിയില്ല. നഷ്‌ടപ്പെട്ടതു തിരിച്ചു കിട്ടില്ലെങ്കിലും താൻ പേരാട്ടം തുടരുമെന്നും യുവതി പറഞ്ഞു. ‘നീയിട്ട പത്തുലക്ഷം അല്ല. എന്റെ മാനത്തിന് വില. ഭീഷണിക്ക് നിന്നു കൊടുക്കാനും ആത്മഹത്യയിൽ അഭയം തേടാനും സൗകര്യമില്ല’. എന്ന് ഫേസ് ബുക്കിൽ യുവതി കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..