25 November Monday

ഓണത്തിന്‌ കരുതലൊരുക്കി സാമൂഹ്യനീതി വകുപ്പും; ആശ്വാസകിരണം 
വഴി 10 കോടി നൽകും

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

തിരുവനന്തപുരം > സാമൂഹ്യനീതി വകുപ്പ്‌ ഓണത്തിന്‌ വിവിധ പദ്ധതികൾവഴി വിതരണം ചെയ്യുന്നത്‌ കോടികളുടെ ധനസഹായം. സാമൂഹ്യ സുരക്ഷാമിഷൻ ‘ആശ്വാസകിരണ’ത്തിലൂടെ 26,765 പേർക്ക് അഞ്ചുമാസത്തെ സഹായം നൽകാൻ 10 കോടിരൂപയാണ്‌ അനുവദിച്ചത്‌. മാസം 600 രൂപയാണ്‌ നൽകുന്നത്‌.  ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ സഹായത്തുക നൽകിത്തുടങ്ങി.

എൻഡോസൾഫാൻ ദുരിതബാധിതരായ 5,293 പേർക്ക്  ‘സ്‌നേഹസാന്ത്വനം’ പദ്ധതിവഴി  സഹായം നൽകാൻ അഞ്ചുകോടിയും അനുവദിച്ചു. സ്‌പെഷ്യൽ ആശ്വാസകിരണം പദ്ധതി പ്രകാരം എൻഡോസൾഫാൻ ദുരിതബാധിതരെ പരിചരിക്കുന്നവർക്ക് നൽകുന്ന 700 രൂപ  പ്രതിമാസ സഹായം 775 പേർക്കും അനുവദിച്ചതായി സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ഭിന്നശേഷി പെൻഷൻ ലഭിക്കുന്നവർക്ക് 1700 രൂപയും പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപയും എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 1200 രൂപയും മാസം ധനസഹായം നൽകുന്ന പദ്ധതിയാണ് സ്‌നേഹസാന്ത്വനം.
കിടപ്പുരോ​ഗികളെയും മാനസിക–- ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മുഴുവൻ സമയവും പരിചരിക്കുന്നവർക്ക്  മാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ‘ആശ്വാസകിരണം’.

ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 7000 രൂപ ഉത്സവബത്ത

ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും  7000 രൂപവീതം  ഉത്സവബത്ത നൽകും. ലോട്ടറി ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് 2500 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഏജന്റുമാരും വിൽപ്പനക്കാരുമായ 35,600 പേർക്കും 7009 പെൻഷൻകാർക്കും തുക ലഭിക്കും. ഇവർക്കായി മാത്രം 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണംചെയ്യുക. കഴിഞ്ഞവർഷം ഏജന്റുമാർക്ക്‌ 6000 രൂപയും വിൽപ്പനക്കാർക്ക്‌ 2000 രൂപയുമായിരുന്നു ഉത്സവബത്ത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top