തിരുവനന്തപുരം
സർക്കാരിനെ കബളിപ്പിച്ച് അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരിൽനിന്ന് 18 ശതമാനം പിഴയോടെ തുക തിരിച്ചുപിടിക്കുമെന്ന് ധനവകുപ്പ്. അനർഹർക്ക് പെൻഷൻ കിട്ടാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്നും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സർക്കുലറിൽ അറിയിച്ചു.
സർക്കാർ ജീവനക്കാരായ 1458 പേർ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു. വാർഷിക മസ്റ്ററിങ്ങിലും തെറ്റായ വിവരമാണ് നൽകിയത്. കോട്ടയ്‌ക്കൽ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിൽമാത്രം നല്ല സാമ്പത്തികനിലയുള്ള 28 പേർ ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് വകുപ്പുകളോട് അച്ചടക്കനടപടിയെടുക്കാനും വാങ്ങിയ പെൻഷൻ തിരിച്ചുപിടിക്കാനും നിർദേശിച്ചു. പെൻഷൻ ലഭിക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. കോട്ടയ്‌ക്കൽ സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.
അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതത് വകുപ്പുകൾക്ക് കൈമാറിയിരുന്നു. സർക്കാരിനെ കബളിപ്പിച്ചവർക്ക് ഭാവിയിൽ ഒരു സർക്കാർആനുകൂല്യത്തിനും അർഹതയുണ്ടാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..