‘ആക്‌ഷൻ ഹീറോ ബിജു’വിന്റെ ലൊക്കേഷനിലാണ് മേഘനാദൻ ചേട്ടനെ ആദ്യമായി കാണുന്നത്. വലിയൊരു നടന്റെ മകൻ, വലിയൊരു നടൻ... അതിന്റേതായ ഒരു ഗൗരവവും ജാഡയുമൊക്കെയായിരുന്നു അവിടെ ഉണ്ടായിരുന്നവർ പ്രതീക്ഷിച്ചത്. എന്നാൽ, സ്‌ക്രീനിൽ ഗംഭീരമായ വില്ലൻ വേഷങ്ങൾ ചെയ്‌ത അദ്ദേഹത്തിന്റെ സ്വഭാവത്തിൽ അതിന്റെയൊന്നും അംശംപോലും കാണാനുണ്ടായിരുന്നില്ല. അതിശയിപ്പിക്കുന്ന പെരുമാറ്റരീതിയുള്ള, മണ്ണിലൊട്ടിനടക്കുന്ന മനുഷ്യൻ.
സിനിമയിൽ ചെറിയ ഒരു ഭാഗംമാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അത് ഗംഭീരമാക്കണമെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്രയുംകാലം കൃത്യമായി ഡയലോഗ് പഠിച്ച് ഭംഗിയായി അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന് എബ്രിഡ് ഷൈന്റെ റിയലിസ്‌റ്റിക് രീതിയിലേക്കായിരുന്നു മാറാനുണ്ടായിരുന്നത്. ഡയലോഗ് കൊടുത്തില്ല. അത്രയും പരിചയസമ്പന്നനായ നടനിൽനിന്ന് അത്തരമൊരു സാഹചര്യത്തിൽ വരേണ്ട പ്രകടനമാണ് തനിക്കാവശ്യമെന്ന് എബ്രിഡ് ഷൈൻ പറഞ്ഞു. പിന്നാലെ കാമറയ്‌ക്കു പിന്നിലുണ്ടായിരുന്നവരെപ്പോലും കരയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. മനസ്സിൽ തങ്ങിനിൽക്കുന്ന വില്ലൻവേഷങ്ങളിൽ തിളങ്ങിയ നടൻ നിസ്സഹായനായ സാധാരണക്കാരനായി വേഷംപകർന്ന സന്ദർഭം.
ഞാൻ ആദ്യമായി അഭിനയിച്ച സിനിമകൂടിയായിരുന്നു ‘ആക്‌ഷൻ ഹീറോ ബിജു’. ഒരു വിദ്യാർഥിയോട് എന്നപോലെ സംഭാഷണമില്ലാതെ അഭിനയിക്കുന്നതിനെക്കുറിച്ചും, കണ്ണുകളുടെ ചലനങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞുതന്നു. സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് കുടുംബവുമൊത്താണ് വരിക. ശാരീരിക അവശതകൾ തളർത്തിയില്ലായിരുന്നെങ്കിൽ സിനിമയിൽ വീണ്ടും സജീവമാകേണ്ട പ്രതിഭയായിരുന്നു. വേർപാട് മലയാളസിനിമയ്‌ക്ക് വലിയ നഷ്‌ടമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..