24 November Sunday

സെപ്‌തംബർ അവസാനത്തോടെ പുതിയ ബോട്ട്‌; ആദിത്യ സോളാർ കുതിപ്പ്‌ തുടരും

സുനീഷ്‌ ജോUpdated: Sunday Aug 11, 2024

സോളാര്‍ ബോട്ടിന്റെ മാതൃക

തിരുവനന്തപുരം
ആദിത്യ  സിരീസിൽ പുതിയ സോളാർ ബോട്ടിറക്കാൻ ജലഗതാഗത വകുപ്പ്‌. 75പേർക്ക്‌ യാത്ര ചെയ്യാവുന്ന  21 മീറ്റർ നീളവും ഏഴ്‌ മീറ്റർ വീതിയുമുള്ള  ബോട്ട്‌ സെപ്‌തംബർ അവസാനത്തോടെ പുറത്തിറക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽപ്പെടുത്തിയാണിത്‌. മൂന്നുകോടി രൂപയാണ്‌ നിർമാണച്ചെലവ്‌.  ഒറ്റ ചാർജിൽ എട്ട്‌ മണിക്കൂറിലധികം സർവീസ്‌ നടത്താം.  ആദിത്യയെക്കാൾ രൂപത്തിൽ ചെറിയമാറ്റവുമായി ക്രൂയിസർ മോഡലിലാകും പുതിയ ബോട്ട്‌. തിരക്കേറിയ റൂട്ടിലായിരിക്കും സർവീസ്‌ നടത്തുകയെന്ന്‌ ജലഗതാഗത വകുപ്പ്‌ ഡയറക്ടർ ഷാജി വി നായർ പറഞ്ഞു.

2017 ജനുവരി 12 ന്‌ വൈക്കം –-തവണക്കടവ്‌ റൂട്ടിലാണ്‌ രാജ്യത്തെ ആദ്യത്തെ സോളാർ ബോട്ട്‌ ‘ആദിത്യ’ ഓടി തുടങ്ങിയത്‌. കൊച്ചിയിലെ നവാൾട്ടാണ്‌ നിർമിച്ചത്‌. ഏഴുവർഷമായി ഈ റൂട്ടിൽ സർവീസ്‌ നടത്തുന്ന ആദിത്യ മൂന്നുവർഷം കൊണ്ട്‌ നിർമാണച്ചെലവ്‌ തിരിച്ചുപിടിച്ചു. മലിനീകരണവും ഇല്ലാതായി. 22 സർവീസുകൾക്കായി പതിനായിരം രൂപയുടെ ഡീസൽ ചെലവ്‌ വരുമായിരുന്നു. സോളാറിലേക്ക്‌ മാറിയപ്പോൾ ചെലവ്‌ 250–-300 രൂപയായി.  ബാറ്ററിയുടെ ആയുസ്‌ ഏഴുവർഷമാണ്‌. ബോട്ടിന്റെ ആയുസ്‌ 20 വർഷവും.
സോളാർ ക്രൂയിസർ നേരത്തെ നവാൾട്ട്‌ ജലഗതാഗതവകുപ്പിനായി നിർമിച്ചിരുന്നു.

വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടിന്‌ മികച്ച വരുമാനവുമുണ്ട്‌. 100 ദിന കർമ്മപദ്ധതിയിൽ 120 പേർക്ക്‌ ഇരുന്ന യാത്ര ചെയ്യാവുന്ന ടൂറിസം ബോട്ടും 30 പേർക്ക്‌ ഇരുന്ന്‌ യാത്ര ചെയ്യാവുന്ന രണ്ട്‌ സോളാർ പാസഞ്ചർബോട്ടുകളും ഒക്‌ടോബറിനകം പുറത്തിറങ്ങും. അരൂരിലെ സ്വകാര്യ കമ്പനിയാണ്‌ അഞ്ചുകോടി രൂപയ്‌ക്ക്‌ ഇവയുടെ നിർമാണം ഏറ്റെടുത്തത്‌.  തിരക്ക്‌ കുറഞ്ഞ റൂട്ടിലായിരിക്കും ഓടിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top