08 October Tuesday

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

സ്വന്തം ലേഖകൻUpdated: Tuesday Oct 8, 2024

ലഡാക്ക് ഭവന് മുന്നിൽ സമരം ചെയ്യുന്ന സോനം വാങ്ചുക്കിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് എംപി എന്നിവർ സന്ദർശിച്ചപ്പോൾ


ന്യൂഡൽഹി
ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, പൂർണ സംസ്ഥാന പദവി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ലഡാക്ക്‌ ഭവനിൽ നിരാഹാരം തുടരുന്ന സോനം വാങ്‌ചുക്കിനെയും സഹപ്രവർത്തകരെയും  സിപിഐ എം നേതാക്കൾ സന്ദർശിച്ചു. സമരവേദിയിലെത്തിയ പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടും രാജ്യസഭാംഗം ജോൺബ്രിട്ടാസും പ്രക്ഷോഭത്തിന്‌ പാർടിയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. 2019ലെ ലോക്‌സഭാ  തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സംസ്ഥാന പദവിയും ആറാം ഷെഡ്യൂളും ബിജെപി ഉൾപ്പെടുത്തിയിരുന്നെങ്കിലും  അഞ്ചുവർഷമായി വാക്കുപാലിച്ചില്ലെന്നും വാങ്‌ചുക് നേതാക്കളോട്‌ പറഞ്ഞു.

നേതാക്കളെ ആദ്യം ഗേറ്റിൽ തടഞ്ഞെങ്കിലും  പിന്നീട്‌ പൊലീസ്‌ വഴങ്ങി. ജമ്മു കശ്‌മീരിന്റെയും ലഡാക്കിന്റെയും ഭരണഘടനാവകാശങ്ങൾ സ്വേച്ഛാധിപത്യമാർഗങ്ങളിലൂടെ കേന്ദ്രസർക്കാരും ബിജെപിയും  നിഷേധിച്ചെന്നും ഇപ്പോൾ പ്രക്ഷോഭത്തെ അടിച്ചമർത്തുകയാണെന്നും ബൃന്ദ കാരാട്ട്‌ പറഞ്ഞു.
അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ വാങ്‌ചുക് സമരം നടത്തേണ്ടിവരുന്നത്‌ രാജ്യത്തിന്‌ തന്നെ കളങ്കമാണ്‌. കേന്ദ്രത്തിന്‌ കോർപറേറ്റ്‌ താൽപര്യം മാത്രമാണുള്ളത്‌. ലഡാക്കിന്റെ കവർന്നെടുത്ത അവകാശങ്ങൾ ഉടൻ തിരികെ നൽകണമെന്നും ബൃന്ദ ആവശ്യപ്പെട്ടു. മണ്ണും ജീവനും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന്‌ ജോൺ ബ്രിട്ടാസ്‌ പറഞ്ഞു.

അതേസമയം, ലഡാക്ക്‌ ഭവനിൽ അപ്രഖ്യാപിത  തടങ്കലിലാണ്‌  പ്രക്ഷോഭകരെന്ന്‌ വാങ്‌ചുക് വെളിപ്പെടുത്തി. പുറത്തേക്കിറങ്ങാൻ അനുവാദമില്ല. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പിന്നോട്ടില്ല. രണ്ടുദിവസത്തിനകം ഉന്നത രാഷ്‌ട്രീയ നേതൃത്വവുമായി ചർച്ച നടത്താമെന്നായിരുന്നു രാജ്‌ഘട്ടിൽ നൽകിയ ഉറപ്പ്‌.
അത്‌ പാലിക്കപ്പെട്ടില്ല–-വാങ്‌ചുക്‌ പറഞ്ഞു. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഐക്യദാർഢ്യവുമായി എത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top