കൽപ്പറ്റ
സൂചിപ്പാറയിൽനിന്ന് വെള്ളിയാഴ്‌ച കണ്ടെത്തിയ മൂന്ന് മൃതദേഹവും ഒരു ശരീരഭാഗവും പുത്തുമലയിൽ സംസ്‌കരിച്ചു. ശനി രാവിലെയാണ് കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടിക്കാപ്പ് വനമേഖലയിൽനിന്ന് മൂന്ന് മൃതദേഹം പ്രത്യേക ദൗത്യസംഘം എയർലിഫ്റ്റ് ചെയ്തത്. ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ എത്തിച്ച ഇവ പിന്നീട് മേപ്പാടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഇൻക്വസ്‌റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം വൈകിട്ടോടെ പുത്തുമലയിലെ സർക്കാർ ഒരുക്കിയ പ്രത്യേക കുഴിമാടത്തിൽ സംസ്‌കരിക്കുകയായിരുന്നു. ഉൾവനത്തിൽ ഉരുൾപൊട്ടലിൽ അടിഞ്ഞുകൂടിയ മരത്തടികൾക്ക് ഇടയിൽ സ്‌ത്രീയുടെയും പുരുഷന്റെയും മൃതദേഹവും ഒരു ശരീരഭാഗവും സമീപത്തെ പാറയിൽനിന്ന് ഒമ്പത് വയസ്സുള്ള കുട്ടിയുടേതെന്ന് സംശയിക്കുന്ന മറ്റൊരു മൃതദേഹവുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്.
വെള്ളി രാവിലെ റിപ്പണിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ തിരച്ചിൽ സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന് എയർലിഫ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. ദുഷ്‌കരമായ മലയിടുക്കിൽനിന്ന് ശ്രമകരമായാണ് ശനിയാഴ്‌ച ഇവ വീണ്ടെടുത്തത്. ശനി രാവിലെ പ്രത്യേകദൗത്യസംഘം വ്യോമസേന ഹെലികോപ്‌റ്ററിൽ മൃതദേഹങ്ങൾ പുറത്തെത്തിക്കുകയായിരുന്നു. ശനിയാഴ്‌ച വൈകിട്ട് കാന്തൻപാറയിൽനിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിനെ തുടർന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 229 ആയി. 198 ശരീരഭാഗങ്ങളും കണ്ടെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..