11 October Friday

കനത്ത ജോലിഭാരം ; ദക്ഷിണ റെയിൽവേയിൽ 13,977 ഒഴിവുകൾ ; നികത്താൻ നടപടിയില്ല

കെ പ്രഭാത്‌Updated: Friday Oct 11, 2024



കൊച്ചി
ദക്ഷിണ റെയിൽവേയിൽ 13,977 തസ്‌തികകൾ നികത്താതെ അധികൃതർ. ആഗസ്‌ത്‌ ഒന്നിന്‌ റെയിൽവേ പുറപ്പെടുവിച്ച ഔദ്യോഗികപട്ടികയിലാണ്‌ ഈ വിവരം. സുരക്ഷാമേഖലകളിലടക്കം ഒട്ടേറെ ഒഴിവുകൾ നികത്തിയിട്ടില്ല. ദക്ഷിണ റെയിൽവേയുടെ ആറു ഡിവിഷനുകൾ, വർക്‌ഷോപ്പുകൾ, സ്‌റ്റോറുകൾ, ഹെഡ്‌ ക്വാർട്ടേഴ്‌സ്‌, അക്കൗണ്ട്‌സ്‌, സെക്യൂരിറ്റി തുടങ്ങി 22 ഇടങ്ങളിൽ തസ്‌തികകൾ കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്‌. ജോലിഭാരത്താൽ ജീവനക്കാർ കടുത്ത സമ്മർദത്തിലുമാണ്‌.

ആകെ 94,727 തസ്‌തികകളാണ്‌ ദക്ഷിണ റെയിൽവേയിലുള്ളത്‌. ഇതിൽ 13,977 എണ്ണം വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. സുരക്ഷാവിഭാഗം, സ്‌റ്റേഷൻ മാസ്റ്റർ, ഗാർഡ്‌, ലോക്കോ പൈലറ്റ്‌, സിഗ്നൽ തുടങ്ങി റെയിൽവേയുടെ സുപ്രധാന തസ്‌തികകളിൽ നിയമനം നടത്താൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കൂടുതൽ ഒഴിവുള്ളത്‌ മദ്രാസ്‌ ഡിവിഷനിലാണ്‌–- 2834. തിരുവനന്തപുരം–- 1321, പാലക്കാട്‌–- 931, സേലം–- 1158, മധുര–- 804, തിരുച്ചിറപ്പള്ളി–- 1104 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിലെ സ്ഥിതി. ഹെഡ്‌ ക്വാർട്ടേഴ്‌സിലും സുരക്ഷാവിഭാഗത്തിലും മാത്രമായി 1624 ജീവനക്കാരുടെ കുറവുണ്ട്‌. 

ഇന്ത്യൻ റെയിൽവേയുടെ 17 സോണുകളിലും 67 ഡിവിഷനുകളിലുമായി മൂന്നരലക്ഷം തസ്‌തികകൾ നികത്താനുണ്ട്‌. ലോക്കോ പൈലറ്റ്‌, സുരക്ഷാജീവനക്കാർ ഉൾപ്പെടെയുള്ള സുപ്രധാന ജോലികൾക്ക്‌ ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കാത്തത്‌ അധികൃതരുടെ വീഴ്‌ചയാണ്‌. ഇത്‌ റെയിൽവേ ദുരന്തങ്ങൾക്കും വഴിവച്ചേക്കാം.

ട്രെയിനുകൾ വർധിക്കുന്നതിനൊപ്പം യാത്രക്കാരുടെ എണ്ണം വർഷംതോറും 24 ശതമാനം ഉയരുകയുമാണ്‌. അവധിയും വിശ്രമവുമില്ലാതെ നിലവിലുള്ള ജീവനക്കാരും തൊഴിലാളികളും ജോലി ചെയ്‌താണ്‌  പരിക്കില്ലാതെ റെയിൽവേ സംവിധാനം മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. എന്നാൽ, അധികൃതർ ഇതിന്റെ മറവിൽ നിലവിലുള്ള തസ്‌തികകൾ വെട്ടിക്കുറയ്‌ക്കുകയാണ്‌. ദക്ഷിണ റെയിൽവേയിൽ ഒരുലക്ഷത്തിലേറെ തസ്‌തികകൾ ഉണ്ടായിരുന്നത്‌ പിന്നീട്‌ വെട്ടിച്ചുരുക്കിയാണ്‌ 94,727 ആക്കിയത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top