21 November Thursday

റെയിൽവേ സ്റ്റേഷൻ വികസനം; സമഗ്ര പദ്ധതി വെട്ടിച്ചുരുക്കാൻ ദക്ഷിണ റെയിൽവേയുടെ നീക്കം

സ്വന്തം ലേഖകൻUpdated: Friday Nov 8, 2024

തിരുവനന്തപുരം > ഉയർന്ന വരുമാനമുണ്ടായിട്ടും തലസ്ഥാനത്തെ റെയിൽവേ പദ്ധതികളുടെ മാസ്റ്റർ പ്ലാൻ വെട്ടിച്ചുരുക്കാൻ ദക്ഷിണ റെയിൽവേയുടെ നീക്കം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സെൻട്രൽ സ്റ്റേഷനിലും തിരുവനന്തപുരം സൗത്ത് എന്ന് പേരുമാറ്റിയ നേമം റെയിൽവേ സ്റ്റേഷനിലുമാണ് വിവിധ വികസന പദ്ധതികൾ വെട്ടിച്ചുരുക്കുന്നത്.  

തിരുവനന്തപുരം സെൻട്രലിൽ പ്ലാറ്റ്ഫോമുകൾക്കു മുകളിൽ തൂണുകളിൽ നിർമിക്കുന്ന വിശ്രമകേന്ദ്രമായ എയർ കോൺകോഴ്സിന്റെ വീതികുറയ്ക്കാൻ ആലോചിക്കുന്നതായാണ് വിവരം. 72 മീറ്റർ വീതിയിൽ നിർമിക്കാനിരുന്ന എയർ കോൺകോഴ്സ് 36 മീറ്ററായി കുറയ്ക്കും. നേമം ടെർമിനലിൽ നേരത്തെ അംഗീകരിച്ച മാസ്റ്റർ പ്ലാനിൽ ട്രെയിൻ കമ്പാർട്ടുമെന്റുകളും ലോക്കോമോട്ടീവുകളും വൃത്തിയാക്കാനും പരിപാലിക്കുന്നതിനുമുള്ള 5 പിറ്റ് ലൈനുകളും, തീവണ്ടികൾ നിർത്തിയിടാനും പരിപാലിക്കാനുമുള്ള 10 സ്റ്റേബ്ലിങ്‌ ലൈനുകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ കരാർ നൽകിയപ്പോൾ പിറ്റ് ലൈനുകളുടെ എണ്ണം രണ്ടാക്കിയും  സ്റ്റേബ്ലിങ്‌ ലൈനുകൾ മൂന്നാക്കിയും കുറച്ചു.

ഷണ്ടിങ്ങിനായി ഉപയോഗിക്കാവുന്ന തരത്തിൽ സ്റ്റേഷനിൽനിന്ന് തെക്കോട്ട് ഒരു കിലോമീറ്റർ നീളത്തിൽ കോച്ച് യാർഡിന്റെ പണിയാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ തീരുമാനപ്രകാരം 2026 ഫെബ്രുവരിയിലാണ് ആദ്യഘട്ടനിർമാണം പൂർത്തിയാകുക. കൊച്ചുവേളിയാണ്‌ തിരുവനന്തപുരം നോർത്തായി പേരുമാറ്റിയത്. കഴിഞ്ഞവർഷം കൊച്ചുവേളിയിലെ യാത്രക്കാർ ശരാശരി 12 ലക്ഷവും നേമത്ത്‌ 45,000ഉം ആണ്‌. സെൻട്രൽ സ്റ്റേഷനിൽ 1.31 കോടിയുമാണ്‌. 281 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം സെൻട്രൽ സ്റ്റേഷനിൽനിന്ന് മാത്രമുള്ള വരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top