17 September Tuesday
ബഹിരാകാശനിലയം

ശുഭാൻശുവും പ്രശാന്തും 
പരിശീലനത്തിന്‌ പുറപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

ശുഭാൻശു ശുക്ല, 
പ്രശാന്ത്‌ ബാലകൃഷ്‌ണൻ നായർ

തിരുവനന്തപുരം>അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട വ്യോമസേന ഗ്രൂപ്പ്‌ ക്യാപ്‌റ്റൻ ശുഭാൻശു ശുക്ലയുടെ പരിശീലനം ഈ മാസം തുടങ്ങും. പകരക്കാരനായ മലയാളി  പ്രശാന്ത്‌ ബാലകൃഷ്‌ണൻനായർക്കും നാസ പരിശീലനം നൽകും. ഇരുവരും പരിശീലനത്തിനായി ടെക്‌സസിലെ ജോൺസൺ സ്‌പേയ്‌സ്‌ സെന്ററിലേക്ക്‌ രണ്ടു ദിവസത്തിനകം പുറപ്പെടും. ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ ശുഭാൻശു ശുക്ല ബഹിരാകാശ നിലയത്തിലേക്ക്‌ യാത്രതിരിക്കും. 14 ദിവസം നിലയത്തിൽ കഴിയും. നാല്‌ പേരടങ്ങുന്ന ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായാണിത്‌.

സ്‌റ്റാർലൈനർ പേടകത്തിന്റെ തകരാർമൂലം നിലയത്തിൽ കുടുങ്ങിയ സുനിതാ വില്ല്യംസിന്റെ മടക്കയാത്ര വൈകുന്നതിനാൽ ദൗത്യം വൈകാനും സാധ്യതയുണ്ട്‌. ഐഎസ്‌ആർഒയുടെ  ഗഗൻയാൻ ദൗത്യത്തിനായി പരിശീലനം തുടരുന്ന നാല്‌ പേരിൽ ഉൾപ്പെട്ടവരാണ്‌ ഇരുവരും. നാസയുമായുള്ള ഐഎസ്‌ആർഒയുടെ സഹകരണത്തിന്റെ ഭാഗമായാണ്‌ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്‌ക്ക്‌ ശുഭാൻശുവിനെ തെരഞ്ഞെടുത്തത്‌. ഇതിനായുള്ള കരാറിൽ ഐഎസ്‌ആർഒയും ആക്‌സിയം സ്‌പേയ്‌സും ഒപ്പിട്ടു. മുപ്പത്തിയൊൻപതുകാരനായ ശുഭാൻശു  ഉത്തരപ്രദേശുകാരനാണ്‌. 2000 ൽ വ്യോമസേനയിൽ ചേർന്ന അദ്ദേഹത്തിന്‌ യുദ്ധവിമാനങ്ങളടക്കം 2000 മണിക്കൂർ പറത്തി പരിചയം ഉണ്ട്‌. പാലക്കാട്‌ തിരുവാഴിയോട്‌ സ്വദേശിയായ പ്രശാന്ത്‌(48)1998ലാണ്‌ വ്യോമസേനയുടെ ഭാഗമായത്‌. 3000 മണിക്കൂർ വിമാനം പറത്തിയുള്ള അനുഭവസമ്പത്തുണ്ട്‌.

എസ്‌എസ്‌എൽവി 
വിക്ഷേപണം 15 ന്‌

ഐഎസ്‌ആർഒയുടെ കുഞ്ഞൻ റോക്കറ്റായ എസ്‌എസ്‌എൽവിയുടെ അടുത്ത വിക്ഷേപണം 15 ന്‌ നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേസ്‌ സെന്ററിൽനിന്നാണ്‌ വിക്ഷേപണം. മൂന്ന്‌ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും.  വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top